ഏഷ്യാ കപ്പിൽ നിന്ന് പിന്മാറണോ വേണ്ടയോ എന്ന കാര്യത്തിൽ ബുധനാഴ്ച അന്തിമ തീരുമാനം എടുക്കുമെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം യുഎഇക്കെതിരെ വിജയിക്കേണ്ട ഒരു മത്സരം കളിക്കാനിരിക്കുന്ന പാകിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് “ആലോചനകൾ നടന്നുവരികയാണെന്ന്” അർദ്ധരാത്രിയിൽ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “പാകിസ്ഥാന്റെ താൽപ്പര്യം കണക്കിലെടുത്തായിരിക്കും തീരുമാനം,” പ്രസ്താവന അവസാനിപ്പിച്ചു.
നേരത്തേ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഹസ്തദാന വിഷയത്തിനു പിന്നാലെ ഇന്ന് യു.എ.ഇക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ് ഇന്നലെ നടക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം പാക്ടീം റദ്ദാക്കിയിരുന്നു.
സൂപ്പർ ഫോറിലേക്ക് മുന്നേറാൻ പാകിസ്ഥാൻ യുഎഇയെ തോൽപ്പിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ അടുത്ത ഞായറാഴ്ച ഈ വിഷയം വീണ്ടും ഉയർന്നുവന്നേക്കാം. സെപ്റ്റംബർ 21 ന് ദുബായിൽ വെച്ച് ഇന്ത്യയുമായി വീണ്ടും പാക്കിസ്ഥാന് ഏറ്റുമുട്ടേണ്ടിവരും.
ഇന്ത്യ ഉള്‍പ്പെട്ട ഹസ്തദാന വിവാദത്തിനുശേഷം ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്നു പാകിസ്താന് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ-പാക് മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു പാകിസ്താന്റെ ബഹിഷ്കരണ ഭീഷണി. പാകിസ്താന്റെ ഈ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തള്ളി.
മാച്ച് റഫറിക്കു ചെറിയ പങ്ക് മാത്രമാണുള്ളതെന്നും ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ് പാകിസ്താന് നായകന് സല്മാന് ആഗയുമായി ഹസ്തദാനത്തിനു വിസമ്മതിച്ചാലുണ്ടാകാവുന്ന നാണക്കേട് ഒഴിവാക്കാനാണ് പൈക്രോഫ്റ്റ് ശ്രമിച്ചതെന്നും വിലയിരുത്തിയാണ് പാകിസ്താന്റെ ആവശ്യം ഐ.സി.സി. നിരാകരിച്ചത്. ഇതോടെ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) മുഖംനഷ്ടപ്പെട്ട അവസ്ഥയിലായി.
ഇതിനു പിന്നാലെയാണ് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് പിന്മാറുകയാണെന്ന് അവസാനനിമിഷം പാകിസ്താന് പ്രഖ്യാപിച്ചത്. ആവശ്യം അംഗീകരിക്കാത്തതിന്റെ പ്രതിഷേധ സൂചകമായാണ് പിന്മാറ്റമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐ.സി.സിയുടെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കിലും ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പാകിസ്താന് ബഹിഷ്കരിച്ചേക്കില്ലെന്നാണു റിപ്പോര്‍ട്ട്.
ഇന്ന് യു.എ.ഇക്കെതിരായ അവസാനമത്സരത്തില്‍ ജയിച്ച് സൂപ്പര്‍ ഫോറിലേക്കു മുന്നേറാനാണു ടീം ലക്ഷ്യമിടുന്നതെന്ന് ‘ക്രിക് ഇന്‍ഫോ’ റിപ്പോര്‍ട്ട് ചെയ്തു. പിന്മാറുകയോ തോല്‍വി പിണഞ്ഞാലോ പാകിസ്താന് ഏഷ്യാ കപ്പില്‍നിന്നു പുറത്താകും. ഈ ഗ്രൂപ്പില്‍നിന്ന് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നിട്ടുണ്ട്. ടോസ് വേളയിലാണ് പൈക്രോഫ്റ്റ് ഇരു ക്യാപ്റ്റന്മാരോടും ഹസ്തദാനം വേണ്ടെന്ന് സൂചിപ്പിച്ചത്. മത്സരശേഷം പതിവു ഹസ്തദാനത്തിനായി പാക് താരങ്ങള്‍ കാത്തുനിന്നെങ്കിലും അത് അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു മടങ്ങുകയും ചെയ്തു.




