Crime

രശ്മിയുമായി യുവാക്കളുടെ സെക്സ്ചാറ്റ്, ബന്ധം അറിഞ്ഞ ഭര്‍ത്താവ് യുവാക്കളെ വിളിച്ചുവരുത്തിയത് തീരാപ്പകയോടെ

പത്തനംതിട്ടയിലെ ഹണിട്രാപ് കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തുരുന്നു. ദമ്പതികള്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവാക്കള്‍ ഇരുവരും രശ്മിയുമായി സ്ഥിരം സെക്സ്ചാറ്റ് നടത്തിയിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യം അറിഞ്ഞ ഭര്‍ത്താവ് ജയേഷ് തന്നെ പ്ലാന്‍ ചെയ്ത പദ്ധതിയാണിതെന്നാണ് സൂചനകള്‍. ഭാര്യയും യുവാക്കളും തമ്മിലുള്ള ഇത്തരം ബന്ധം മനസിലാക്കിയ ജയേഷ് ആണ് രശ്മിയെക്കൊണ്ടുതന്നെ ഇരുവരേയും ഇരുവരേയും വീട്ടിലേക്കെത്തിക്കാനായി മുന്‍കൈ എടുത്തത്.

തുടര്‍ന്ന് റാന്നി സ്വദേശിയായ യുവാവിനേയും ആലപ്പുഴ സ്വദേശിയായ യുവാവിനേയും രശ്മി വീട്ടിലേക്ക് വിളിച്ചു. വഴിയില്‍കാത്ത്നിന്ന് വിളിച്ചുകൊണ്ടുവന്നത് ഭര്‍ത്താവ് ജയേഷ് തന്നെയാണ്. വീട്ടിലെത്തിച്ച ശേഷം കട്ടിലില്‍ നഗ്നരായി കിടക്കാന്‍ ആവശ്യപ്പെടുകയും പിന്നാലെ അതിക്രൂരമായ മര്‍ദനവും പീഡനവും നടത്തുകയും ചെയ്തു. ആഭിചാരം ചെയ്യുന്ന തരത്തില്‍ മര്‍ദിച്ചു. ഭാര്യക്കൊപ്പം ലൈംഗികബന്ധം നടത്തുന്ന പോലെ അഭിനയിക്കാനായി ആവശ്യപ്പെട്ടതും ജയേഷ് ആണ്. ഇതെല്ലാം തന്റെ മൊബൈലില്‍ ജയേഷ് ചിത്രീകരിക്കുകയും ചെയ്തു. ജയേഷിന്റെ ഫോണില്‍നിന്നും രണ്ട് യുവാക്കളുടേയും ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി.

പ്രതികൾക്ക് മനോവൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ പക്കൽ നിന്നും പണവും ഐഫോണും അടക്കമുള്ള സാധനങ്ങൾ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. പ്രതികൾ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയിൽ മറ്റൊരാളെക്കൂടി ഇവർ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ദേഹത്ത് ബാധ കയറിയ പോലെയായിരുന്നു ദമ്പതികളുടെ പെരുമാറ്റമെന്ന് മര്‍ദനത്തിന് ഇരയായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. ജയേഷ് സുഹൃത്തും സഹപ്രവർത്തകനുമാണെന്നും ഭാര്യ രശ്മിയെ പരിചയമുണ്ടെന്നും യുവാവ് പറഞ്ഞു.

“വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണ്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നത് പോലെയാണ് എത്തിയത്. സംസാരിക്കുന്നതിനിടിയിൽ പെട്ടെന്ന് പെപ്പർ സ്പ്രേ അടിച്ചു. അപ്രതീക്ഷിതമായി കൈകെട്ടി പിന്നീട് കയറിൽ കെട്ടിത്തൂക്കുകയും മര്‍ദിക്കുകയും ചെയ്തു. അവരെന്തോ ആഭിചാരക്രിയകളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ബാധകേറുന്ന പോലെയായിരുന്നു. പരസ്പരം തൊഴുതു. എന്തൊക്കെയോ ആണ് അവർ സംസാരിച്ചത്. എന്റെ മുറിവിൽ അവർ പെപ്പർ സ്പ്രേ അടിച്ചു. തിരുവോണത്തിന് വൈകീട്ടായിരുന്നു സംഭവം. ഒന്നര മണിക്കൂറോളം ഉപദ്രവിച്ചു. പറഞ്ഞത് കേട്ടില്ലെങ്കിൽ കൊല്ലുമെന്നാണ് പറഞ്ഞത്. സംഭവം പുറത്തുപറഞ്ഞാൽ വീട്ടുകാരെ തീർക്കും എന്ന് ഭീഷണിപ്പെടുത്തി. അപകടം എന്നേ പറയാവൂവെന്നും പറഞ്ഞു. ദൃശ്യങ്ങൾ പ്രതികളുടെ കയ്യിലുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു.” യുവാവ് പറഞ്ഞു.