പോക്സോ കേസ് പ്രതിയായ യുവ പാസ്റ്റർ പിടിയിൽ. കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജ് ആണ് മൂന്നാറിൽ നിന്ന് പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. പൊലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ന്യൂജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രതി.
2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിനെത്തിയ രണ്ടുപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്‌സുള്ള ജെബരാജ് ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു.
11 മാസങ്ങള്‍ക്കുശേഷമാണ് പരാതിയുമായി പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തിയത്. 17കാരിയെയും14കാരിയെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ കേരളത്തിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ അർജുൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി.
മൂന്നാറിലെ ഒളിത്താവളം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ പ്രത്യേക കോടതി ഇയാളെ റിമാൻഡ് ചെയ്തു.