Sports

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ഋഷഭ് പന്ത് മടങ്ങിവരുന്നു ; ടി20 ലോകകപ്പില്‍ കളിക്കാനായേക്കും

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടി 20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഋഷഭ് പന്തിന് കളിക്കാനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി.

2022 ഡിസംബറില്‍ നടന്ന ഒരു ഭയാനകമായ കാര്‍ അപകടത്തില്‍ പെട്ടതിന് ശേഷം ഈ മാസം അവസാനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പന്ത് ഏറെ കാത്തിരുന്ന തന്റെ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ്. ഐപിഎല്ലില്‍ താരത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും താരം ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിലും തീരുമാനം വരിക. കാര്‍ അപകടത്തില്‍ ഇന്ത്യന്‍ താരത്തിന് കാര്യമായ ശാരീരിക ക്ഷതം സംഭവിച്ചിരുന്നു. വലത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ ലിഗമെന്റ് പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ ആവശ്യമായി വന്നു.

അദ്ദേഹത്തിന് കൈത്തണ്ടയ്ക്കും കണങ്കാലിനും ഒടിവുണ്ടായി, അത് സുഖപ്പെടുത്താന്‍ കാര്യമായ ഫിസിയോതെറാപ്പി എടുത്തിരുന്നു. ഐപിഎല്‍ 2024 അടുക്കുമ്പോള്‍ റിഷഭ് പന്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ (ഡിസി) ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് നല്‍കി. 2022 ഡിസംബറിലെ മാരകമായ കാര്‍ അപകടത്തിന് ശേഷം പന്ത് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പന്ത് വിക്കറ്റ് കീപ്പിംഗ് സെഷനുകള്‍ ആരംഭിച്ചിരിക്കുകയണ്.

അതേസമയം പന്തിന് ഐപിഎല്‍ 2024 ല്‍ പൂര്‍ണമായി പങ്കെടുക്കാന്‍ കഴിയുമോ എന്ന് മാനേജ്മെന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പോണ്ടിംഗ് പരാമര്‍ശിച്ചു. എന്നാല്‍ പന്ത് കഠിനമായ ശ്രമത്തിലാണ്. താരം പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ നേരെ ക്യാപ്റ്റന്‍സി റോളിലേക്ക് മടങ്ങും.