Sports

‘ഞാന്‍ അവളുടെ കാമുകന്‍’ സ്മൃതി മന്ദനയുമായുള്ള പ്രണയം വെളിപ്പെടുത്തി പലാഷ് മുച്ചല്‍

കളികൊണ്ടും അഴക് കൊണ്ടും വനിതാക്രിക്കറ്റിലെ ഗ്‌ളാമര്‍താരമാണ് ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും താരമായ സ്മൃതി മന്ദന. സംഗീത സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ പലാഷ് മുച്ചലുമായി താരം ഡേറ്റിംഗ് നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ച് നാളുകളായി അങ്ങാടിപ്പാട്ടാണ്.

രണ്ടുപേരെയും ഒരുമിച്ച് പലയിടത്തും മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. എന്തായാലും തങ്ങളുടെ ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് പലാഷ്. പലാഷ് മുച്ചല്‍ സ്മൃതി മന്ദാനയെക്കുറിച്ച് ആദ്യമായി ആരാധകരോട് തുറന്നുപറയുന്നു.

എന്നാല്‍ തങ്ങളുടെ ബന്ധം പൊതുജനങ്ങളുടെ ശ്രദ്ധയില്‍നിന്ന് അകറ്റി നിര്‍ത്താനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ക്ക് സ്വകാര്യത വേണമെന്നും അദ്ദേഹം പറയുന്നു, ‘‘ഞാന്‍ പൊതുസ്ഥലത്ത് വളരെ ലജ്ജാശീലനും അന്തര്‍മുഖനുമാണ്. എനിക്ക് ഒരുപാട് സുഹൃത്തുക്കളുള്ളതിനാലും ഞാനും സ്റ്റേജില്‍ കയറിയിട്ടുള്ളതിനാലും ആളുകള്‍ ഇത് വിശ്വസിക്കുന്നില്ല. എന്നാല്‍ പരിപാടികളിലും പാര്‍ട്ടികളിലും പോസ് ചെയ്യുമ്പോഴെല്ലാം എനിക്ക് വളരെ ലജ്ജ തോന്നാറുണ്ടെന്നത് സത്യമാണ്.’’ എന്നിരുന്നാലും, സ്മൃതിയെ കുറിച്ച് പറയുന്നതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നില്ല:

”തീര്‍ച്ചയായും അത് എനിക്ക് വളരെ അഭിമാനം തോന്നുന്ന കാര്യമാണ്. കാരണം ഞാന്‍ അവളുടെ പങ്കാളിയാണ്. ഇപ്പോള്‍ കാമുകന്‍. അവളുടെ നേട്ടങ്ങളില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എന്നാല്‍ എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് കഴിയുന്നത്ര ജോലി ചെയ്യേണ്ട സമയമാണിത്.”

ഈ വര്‍ഷമാണ് പലാഷിന്റെയും സ്മൃതിയുടെയും വ്യക്തിജീവിതം വാര്‍ത്തയായത്. ‘‘ഇത് എനിക്ക് വളരെ അസുഖകരമായ ഒരു സാഹചര്യമായിരുന്നു, കാരണം ഡബ്ല്യുപിഎല്‍ സമയത്ത്, മൈതാനത്ത് അവളെ കണ്ടുമുട്ടുമ്പോള്‍ ഞാന്‍ ക്യാമറയിലുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്കത് മനസ്സിലായില്ല. ഇല്ലെങ്കില്‍ ഞാന്‍ ഗ്രൗണ്ടില്‍ വരില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍, കാമറ എല്ലായിടത്തും ഉണ്ട്. എന്റെ ഷോകളില്‍ പോലും ആളുകള്‍ ആര്‍സിബി, ആര്‍സിബി എന്ന് വിളിക്കുന്നു, ”അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.