Featured Sports

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ; ഇന്ത്യക്കെതിരേ കളിക്കാനില്ലെന്ന്‌ പാകിസ്‌താന്‍

ഇസ്ലാബാമാദ്‌: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരം കളിക്കില്ലെന്ന്‌ പാകിസ്‌താന്‍. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരം 15 നു കൊളംബോയില്‍ നടക്കാനിരിക്കേയാണു നടപടി.

സര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണു മത്സരം ബഹിഷ്‌കരിക്കുന്നതെന്നു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എക്‌സിലൂടെ വ്യക്‌തമാക്കി. ശ്രീലങ്കയിലേക്കു പോകാനുള്ള യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യക്കെതിരേ മത്സരിക്കേണ്ടെന്ന നിലപാടിലാണു പാക്‌ സര്‍ക്കാര്‍. മത്സരം ബഹിഷ്‌കരിക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഐ.സി.സി. ടൂര്‍ണമെന്റുകളുടെ പ്രധാന ആകര്‍ഷണം പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരങ്ങളാണ്‌.

2012 മുതല്‍ ഐ.സി.സി. ഇന്ത്യയും പാകിസ്‌താനും ഒരു ഗ്രൂപ്പില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇന്ത്യയും പാകിസ്‌താനും ദ്വിരാഷ്‌ട്ര പരമ്പരകള്‍ കളിച്ചിട്ടില്ല. ബഹിഷ്‌കരണം യാഥാര്‍ഥ്യമായാല്‍ ഫലമെന്നാകുമെന്ന ക്രിക്കറ്റ്‌ പ്രേമികളുടെ ആകാംക്ഷ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു.

ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാംദേശിനെ ലോകകപ്പില്‍നിന്ന്‌ ഒഴിവാക്കിയതിനു പിന്നാലെ തങ്ങളുടെ പങ്കാളിത്തം ഉറപ്പില്ലെന്ന്‌ പി.സി.ബി. ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി വ്യക്‌തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കില്ലെന്നു പറഞ്ഞ ബംഗ്ലാദേശിനു പകരം സ്‌കോട്ട്‌ലന്‍ഡാണ്‌ ലോകകപ്പ്‌ സി ഗ്രൂപ്പില്‍ പകരം കളിക്കുക. ഇന്ത്യക്കു പകരം വേദി വേണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ഥന ഐ.സി.സി. തള്ളിയിരുന്നു.