ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ബുധനാഴ്ച ദുബായില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന്‍ സൂപ്പര്‍ 4 ല്‍ സ്ഥാനമുറപ്പിച്ചതോടെ വീണ്ടുമൊരു ഇന്ത്യാ പാക് ഹൈവോള്‍ട്ടേജ് മാച്ച് വരുന്നു. ഞായറാഴ്ച സൂപ്പര്‍ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയല്‍ക്കാരെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്, ആ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം സല്‍മാന്‍ അലി ആഘയുടെ ടീമിനെ കീഴടക്കിയിരുന്നു. സെപ്റ്റംബര്‍ 21 ന് ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞയാഴ്ച നേരിട്ട തോല്‍വിക്ക് പ്രതികാരം ചെയ്യാനുമാണ് പാകിസ്ഥാന്‍ ടീം ആഗ്രഹിക്കുന്നത്.
ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരം സംഭവബഹുലമായിരുന്നു. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക് നായകന് ഹസ്തദാനം ചെയ്യാന്‍ കൂട്ടാക്കിയിരുന്നില്ല. ഇത് വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ കളത്തിനകത്തും പുറത്തും ചൂട് പ്രവഹിക്കുമ്പോള്‍ അടുത്ത മത്സരത്തില്‍ തീ പാറുമെന്ന് ഉറപ്പാണ്.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 4 ല്‍ സ്ഥാനം ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ കഴിഞ്ഞു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യുഎഇക്കെതിരെ നടന്ന അനിവാര്യമായ മത്സരത്തില്‍, പാകിസ്ഥാന്‍ 20 ഓവറില്‍ 146/9 എന്ന സ്‌കോര്‍ നേടി, തുടര്‍ന്ന് ആതിഥേയരെ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടാക്കി.
യുഎഇക്കെതിരായ 41 റണ്‍സിന്റെ വിജയം ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് ടീമുകളില്‍ സ്ഥാനം ഉറപ്പാക്കാന്‍ പാകിസ്ഥാനെ സഹായിച്ചു. സൂപ്പര്‍ 4 ഘട്ടത്തിലെ മറ്റ് രണ്ട് മത്സരങ്ങളില്‍, ഗ്രൂപ്പ് ബിയിലെ മികച്ച രണ്ട് ടീമുകളെ പാകിസ്ഥാന്‍ നേരിടും. നിലവില്‍, സൂപ്പര്‍ ഫോറില്‍ ഇടം നേടാന്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ മത്സരത്തിലാണ്.
റാഷിദ് ഖാന്‍ നയിക്കുന്ന ടീം വ്യാഴാഴ്ച (സെപ്റ്റംബര്‍ 18) ശ്രീലങ്കയെ പരാജയപ്പെടു ത്തിയാല്‍, ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മികച്ച നെറ്റ് റണ്‍ റേറ്റ് (ചഞഞ) ഉള്ള ടീമിനൊപ്പം അവര്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. അബുദാബിയില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍, അഫ്ഗാനിസ്ഥാന്റെ കളി അവസാനി ക്കുകയും ശ്രീലങ്കയ്ക്കൊപ്പം ബംഗ്ലാദേശും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്യും.




