ലഹോർ∙ പാക്കിസ്ഥാന്‍ ഇതിഹാസ ക്രിക്കറ്റ് താരം അബ്ദുൽ ഖാദിറിന്റെ മകൻ സുലൈമാൻ ഖാദിർ പീഡനക്കേസിൽ അറസ്റ്റിൽ. ഫാം ഹൗസിൽ വച്ച് സുലൈമാൻ ഖാദിർ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതായും ഇയാൾ ബലമായി ഫാം ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് പരാതി. പാക്കിസ്ഥാൻ മുൻ ലെഗ് സ്പിന്നർ അബ്ദുൽ ഖാദിറിന്റെ മകനാണ് 41 വയസ്സുകാരനായ സുലൈമാൻ ഖാദിർ.
ഈ മാസം 23നാണ് സംഭവം. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്യുന്ന തന്നോട് 22ന് രാവിലെയാണ് പിറ്റേദിവസം വൃത്തിയാക്കൽ ജോലിക്കായി ഫാം ഹൗസിലേക്ക് വരണമെന്ന് പറഞ്ഞതെന്ന് പരാതിക്കാരി പറയുന്നു. 23ന് രാവിലെ പത്തു മണിയോടെ ന്യൂവാസ് ബാർക്കിയിലെ അബ്ദുൽ ഖാദിർ ക്രിക്കറ്റ് അക്കാദമിക്ക് സമീപമുള്ള ഫാം ഹൗസ് നമ്പർ 2 ലേക്ക് തന്നെ കാറിൽ കൊണ്ടുപോകുകയായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. അവിടെ എത്തിയപ്പോൾ സുലൈമാൻ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ബലമായി തന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയെന്നും പരാതിൽ പറയുന്നു.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുമെന്നും ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്ന സുലൈമാൻ, 2005നും 2013നും ഇടയിൽ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നർമാരിൽ ഒരാളായിരുന്നു അബ്ദുൽ ഖാദിർ. പേസ് ബോളർമാർ ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടത്തിൽ സ്പിന്നർമാർക്ക് മേൽവിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് അബ്ദുൽ ഖാദിർ. പാക്കിസ്ഥാനു വേണ്ടി 67 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ച അദ്ദേഹം 236 ടെസ്റ്റ് വിക്കറ്റുകളും 132 ഏകദിന വിക്കറ്റുകളും നേടി. 2019ൽ അന്തരിച്ചു.




