Featured Sports

കളിക്കളത്തില്‍ അപ്രതീക്ഷിത അതിഥി: ഈച്ചക്കൂട്ടം കളി മുടക്കി, ക്രീസില്‍ സ്‌പ്രേയടിച്ച് പാക് നായിക- വീഡിയോ

കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരം പ്രാണികള്‍ തടസപ്പെടുത്തി. പ്രാണികള്‍ കൂട്ടത്തോടെ പറന്നെത്തിയതോടെ താരങ്ങള്‍ മത്സരം നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ബന്ധിതരായി.

ആദ്യം പുക മരുന്ന്‌ ഉപയോഗിച്ചു പ്രാണികളെ തുരത്തി. പക്ഷേ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകള്‍ പ്രാണികളെ കൂട്ടത്തോടെ ആകര്‍ഷിച്ചു. 15 മിനിറ്റ്‌ മത്സരം തടസപ്പെട്ടു. പാക്‌ ഓഫ്‌ സ്‌പിന്നര്‍ രമീന്‍ ഷാമിമിന്റെ കണ്ണില്‍ പ്രാണി കുടുങ്ങുകയും ചെയ്‌തു. 38-ാം ഓവറിലായിരുന്നു സംഭവം. സൂര്യന്‍ അസ്‌മതിച്ചതിനു പിന്നാലെയാണു പ്രാണികളെത്തിയത്‌.

പാക്‌ ബൗളര്‍ നഷ്‌റ സന്ധു ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടതോടെയാണ്‌ സ്‌പ്രേ ഉപയോഗിച്ചത്‌. സന്ധുവും പാക്‌ നായിക ഫാതിമ സനയും ചേര്‍ന്ന്‌ ക്രീസില്‍ സ്‌പ്രേയടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. പാകിസ്താൻ നായിക ഫാത്തിമ സന സ്വയം ചുമതലയേറ്റെടുത്ത്, പ്രാണികളെ അകറ്റാനായി ബാധിച്ച സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു. പ്രാണികളുടെ വരവ്‌ കൂടിയതോടെ ഫോഗിങ്‌ മെഷീന്‍ ഉപയോഗിക്കേണ്ടി വന്നു. പിന്നാലെ ക്രീസില്‍ പുക നിറഞ്ഞു. പുക ശാന്തമായതോടെയാണു മത്സരം തുടര്‍ന്നത്‌. വടക്കു കിഴക്കന്‍ കാലവര്‍ഷം തുടങ്ങിയതു മൂലമാകാം പ്രാണി ശല്യമെന്നാണു നിഗമനം.