അബുദാബി: ബൗളര്‍മാരുടെ ബലപരീക്ഷണം കണ്ട ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറിലാണ് വിജയ ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം കുറിച്ചത്.
കമിന്ദു മെൻഡിസിന്റെ അർധ സെഞ്ചറിയാണ് (44 പന്തിൽ 50) ലങ്കയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. പാക്കിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം കണ്ടു. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 8ന് 133. പാക്കിസ്ഥാൻ 18 ഓവറിൽ 5ന് 138. ജയത്തോടെ ഫൈനൽ പ്രതീക്ഷ സജീവമാക്കി നിർത്താൻ പാക്കിസ്ഥാന് സാധിച്ചു. തോൽവിയോടെ ലങ്കയുടെ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു.
രണ്ടാം അങ്കത്തിലെ ജയത്തോടെ പാകിസ്താന്റെ ഫൈനൽ സാധ്യതയേറി. ബംഗ്ലാദേശിനെതിരെയാണ് അവരുടെ അടുത്ത മത്സരം. അതേസമയം, ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും, രണ്ടാം അങ്കത്തിൽ പാകിസ്താനോടും തോറ്റ ശ്രീലങ്കയുടെ ഫൈനൽ പ്രതീക്ഷ പൊലിഞ്ഞു. ഇന്ത്യക്കെതിരായ അടുത്ത മത്സരത്തിൽ ജയിച്ചാലും കലാശപ്പോരാട്ടിൽ ഇടം നേടാനുള്ള സാധ്യത വളരെ കുറവാണ്. ബുധനാഴ്ച ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും. വ്യാഴാഴ്ചയാണ് പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം. ആദ്യ മത്സരത്തിൽ കടുവകൾ ശ്രീലങ്കയെ തോൽപിച്ചിരുന്നു.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ വിജയം കുറിച്ചാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും വരവ്. ആദ്യ കളിയില്‍ പാകിസ്‌താനെ ഇന്ത്യ കെട്ടുകെട്ടിച്ചപ്പോള്‍ കരുത്തരായ ശ്രീലങ്കയെയാണ് ബംഗ്ലാദേശ് വീഴ്‌ത്തിയത്. ഗ്രൂപ്പ്‌തല പോരാട്ടങ്ങളില്‍ മൂന്നിലും ജയിച്ചെത്തിയ ഇന്ത്യക്കാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. ഗ്രൂപ്പ് എയില്‍ പാകിസ്‌താന്‍, യു.എ.ഇ, ഒമാന്‍ ടീമുകളെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ് ഒരു കളിയില്‍ വീണു. ശ്രീലങ്കയോടാണ് ഗ്രൂപ്പ്‌തല മത്സരത്തില്‍ അവര്‍ തോറ്റത്. സൂപ്പര്‍ ഫോറിലെ ആദ്യകളിയില്‍ ലങ്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് തിരിച്ചടിച്ചു.




