Crime

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട ; പിടികൂടിയത് 2000 കോടിയുടെ 500 കിലോ കൊക്കെയ്ന്‍

ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പോലീസ് റെയ്ഡിലൂടെ കണ്ടെത്തിയത് 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍. മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഉയര്‍ന്ന പാര്‍ട്ടികളില്‍ ഉപയോഗിക്കാനായി ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് വന്‍ കൊക്കെയ്ന്‍ കയറ്റുമതിക്ക് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു.

ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആയിരുന്നു റെയ്ഡ് നടത്തിയത്. രാജ്യതലസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ ചരക്കാണിത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. 40ലധികം വയസ്സുള്ള വസന്ത് വിഹാര്‍ സ്വദേശി തുഷാര്‍ ഗുപ്ത, ശക്തനായ ഹിമാന്‍ഷുവിന്റെ കൂട്ടാളി, ഇയാളുടെ ഡ്രൈവര്‍ ഔറംഗസേബ്, മുംബൈയില്‍ നിന്ന് വന്ന ഭരത് ജെയിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കൊക്കെയ്ന്‍ വിതരണം ചെയ്യാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി സ്പെഷ്യല്‍ സെല്‍ കേസ് അന്വേഷിച്ചു വരികയായിരുന്നു. അന്വേഷണത്തില്‍ അറസ്റ്റിലായ നാലുപേരെയും ചോദ്യം ചെയ്തു വരികയാണെന്നും എല്ലാ പ്രതികളുടെയും പശ്ചാത്തല പരിശോധനയും പോലീസ് നടത്തുന്നുണ്ട്.