പട്‌ന: ദാമ്പത്യത്തില്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പിരിയുന്ന ദമ്പതികള്‍ക്ക് ബീഹാറില്‍നിന്ന് വയോധികരായ ദമ്പതികള്‍ മാതൃകയാകുന്നു.
രോഗിയായ ഭാര്യയെ ചികിത്സിക്കാനായി 75 വയസുകാരന്‍ സൈക്കിള്‍ റിക്ഷ ഓടിച്ചത് 300 കിലോ മീറ്റര്‍!. തളര്‍വാതരോഗിയായ ഭാര്യയെ വിദഗ്‌ധ പരിചരണം ഉറപ്പാക്കാനായി സാംബല്‍പൂരിലെ മോഡിപാദ നിവാസിയായ ബാബു ലോഹര്‍ 70 വയസുള്ള ഭാര്യ ജ്യോതിയുടെ ചികിത്സയ്‌ക്കായിട്ടാണു സൈക്കിള്‍ റിക്ഷ യാത്ര നടത്തിയത്.
കട്ടക്കിലെ എസ്.സി.ബി. മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്‌പിറ്റലില്‍ ജ്യോതിക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് സാംബല്‍പൂരിലെ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ ബാബു ലോഹറിന്റെ പക്കല്‍ പണമില്ലായിരുന്നു.
പഴയ തലയണകള്‍ നിരത്തി സൈക്കിള്‍ റിക്ഷയെ താല്‍ക്കാലിക ആംബുലന്‍സാക്കി മാറ്റി. സാംബല്‍പൂരില്‍ നിന്ന് കട്ടക്കിലേക്കുള്ള യാത്രയ്‌ക്ക് ഒമ്പത് ദിവസമെടുത്തു. പകല്‍ മുഴുവന്‍ സൈക്കിള്‍ ചവിട്ടി രാത്രിയില്‍ റോഡരികിലെ കടകള്‍ക്ക് സമീപം ലോഹര്‍ അഭയം തേടി. പ്രായവും യാത്രയുടെ ശാരീരിക ബുദ്ധിമുട്ടുകളും വകവയ്‌ക്കാതെ അദ്ദേഹം വിജയകരമായി ആശുപത്രിയിലെത്തി, അവിടെ ജ്യോതി രണ്ട് മാസത്തെ തീവ്ര ചികിത്സയ്‌ക്ക് വിധേയയായി.
കഴിഞ്ഞ 19 ന് ദമ്പതികള്‍ മടക്കയാത്ര ആരംഭിച്ചു. ചൗദ്വാറിനടുത്ത് ഒരു വാഹനം അവരുടെ റിക്ഷയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് യാത്ര മറ്റൊരു ദുരന്തത്തില്‍ കലാശിച്ചു. അപകടത്തില്‍ ജ്യോതിക്ക് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി പ്രവേശിപ്പിച്ചു.
അവരുടെ പരുക്കുകള്‍ക്ക് വൈദ്യസഹായം ലഭിച്ചതിനുശേഷം ലോഹര്‍ യാത്രയില്‍നിന്നു പിന്മാറിയില്ല. “ഞങ്ങള്‍ക്ക് മറ്റാരുമില്ല;ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേയുള്ളൂ”- സാംബല്‍പൂരിലേക്കുള്ള യാത്രയുടെ അവസാന ഘട്ടം പുനരാരംഭിക്കാന്‍ തയാറെടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.




