Crime

ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ഇരയായ 17കാരിയെ തട്ടിക്കൊണ്ടു പോയി

ലക്‌നൗ: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതി തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയായ രവിശങ്കര്‍ മിശ്ര എന്ന യുവാവാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഇയാള്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ് രവിശങ്കര്‍ മിശ്രയ്ക്കും അയാളുടെ പിതാവിനുമെതിരെ പരാതി നല്‍കി.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് മിശ്രയും പിതാവും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മകളെ അവര്‍ കൊല്ലുമോ എന്നും ഭയക്കുന്നതായി ഇരയുടെ പിതാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍, മിശ്രയ്ക്കും പിതാവിനുമെതിരെ ഗോപിഗഞ്ച് പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

2024 ഡിസംബറില്‍ മിശ്ര പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അവളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്മ യക്കുമരുന്ന് കലര്‍ന്ന വെള്ളം കൊടുത്ത് അവളെ ബോധം കെടുത്തി. പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ പ്രതി അവളെ ബലാത്സംഗം ചെയ്യുകയും സ്‌കൂളിന് സമീപം ഉപേക്ഷിക്കുകയും ചെയ്തതായി എസ്എച്ച്ഒ പറഞ്ഞു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് മിശ്രയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കു കയായിരുന്നു. ജാമ്യം കിട്ടിയ പ്രതി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തെ സമ്മര്‍ദ്ദപ്പെടുത്തി വരികയായിരുന്നു. ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്.