ലോകത്തിലെ ഏറ്റവും പവിത്രവും നിർമ്മലവുമായ സ്നേഹമാണ് അമ്മയുടേത്. ഏത് അവസ്ഥയിലും തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ അമ്മയോളം ഈ ലോകത്ത് മറ്റാർക്കും കഴിയില്ല. അത് മനുഷ്യനായാലും മൃഗങ്ങളായാലും അമ്മ എന്നും അമ്മ തന്നെ ആണ്. ആ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ മാതൃസ്നേഹത്തിന്റെ ശ്രദ്ധേയമായ പല മുഹൂർത്തങ്ങൾക്കും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോയായാണ് ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവർന്നിരിക്കുന്നത്.
ജനുവരി 13 ന്, തുർക്കിയിൽ, ഒരു അമ്മ നായ തന്റെ ബോധരഹിതനായ നായ്ക്കുട്ടിയെ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് വൈദ്യസഹായത്തിനായി കൊണ്ടുപോകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇത്. നായയുടെ അത്ഭുതകരമായ ഈ പ്രവൃത്തി മൃഗഡോക്ടർമാരെയും കാഴ്ചക്കാരെയും ഒന്നടങ്കം ഞെട്ടിച്ചു.
വീഡിയോയിൽ ബെയ്ലിക്ദുസു ആൽഫ വെറ്ററിനറി ക്ലിനിക്കിലേക്ക് നായ കുത്തിക്കുകയാണ്. നിശ്ചയദാർഢ്യത്തോടെ അവിടേക്ക് എത്തുന്ന നായ തന്റെ കുഞ്ഞിനെ വായിൽ മൃദുവായി മുറുകെ പിടിച്ചിട്ടുമുണ്ട്.
വീഡിയോയുടെ തുടക്കത്തിൽ ഒരു അമ്മ നായ ക്ലിനിക്കിലേക്ക് പ്രവേശിക്കുന്നതാണ് കാണുന്നത്. ഒപ്പം അതിന്റെ വായിൽ , അവശനായ നായ്ക്കുട്ടിയെയും കാണാം. മനുഷ്യ സഹായത്തിനായി കാത്തിരിക്കുന്നതിനു പകരം, തൻ്റെ കുഞ്ഞിന് എത്രയും പെട്ടന്ന് ചികിത്സ നൽകാൻ കൃത്യസമയത്ത് ക്ലിനിക്കിൽ പ്രവേശിക്കുകയാണ് നായ. വഴിയെല്ലാം നല്ല ഉറപ്പുള്ള പോലെയാണ് നായയുടെ സഞ്ചാരം. ഈ ദൃശ്യം കണ്ട് നിരവധി ഡോക്ടർമാരും നെറ്റിസൺസും അമ്പരന്നു.
തുടർന്ന് നായ്ക്കുട്ടി അബോധാവസ്ഥയിൽ ആണെന്ന് ഡോക്ടർമാർ കണ്ടെത്തി. എങ്കിലും അമ്മയുടെ സമയോചിതമായ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. മാത്രമല്ല ഇതേ നായയുടെ മറ്റൊരു കുഞ്ഞും ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. ഏതായാലും നായയുടെ രണ്ട് കുഞ്ഞുങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ മൃഗഡോക്ടർമാർക്ക് കഴിഞ്ഞു. രണ്ട് കുഞ്ഞുങ്ങളും ഇപ്പോൾ അമ്മയ്ക്കൊപ്പം കൂടുതൽ പരിചരണം നേടിക്കൊണ്ടിരിക്കുകയാണ്.
ക്ലിനിക്കിന്റെ വാതിലിനു പുറത്ത് ഒരു നായ നിൽക്കുന്നത് ജീവനക്കാരനായ അമീറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്ഥിതിഗതികൾ മാറിയതെന്ന് ക്ലിനിക്കിലെ ജീവനക്കാർ പറഞ്ഞു. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അമ്മ ബോധരഹിതയായ തന്റെ നായ്ക്കുട്ടിയെ ശ്രദ്ധാപൂർവ്വം നിലത്ത് കിടത്തുന്നതാണ് അയാൾ കണ്ടത്. എന്നാൽ നായ്ക്കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ജീവനക്കാർക്ക് ആദ്യം മനസിലായിരുന്നില്ല.
സംഭവത്തിന് പിന്നാലെ വെറ്ററിനറി ഡോക്ടർ ബച്ചുറൽ ഡോഗൻ തന്റെ ആദ്യ പ്രതികരണം പങ്കുവെച്ചു: “ആദ്യം, സാഹചര്യം വളരെ അസാധാരണമായതിനാൽ ഞങ്ങൾക്ക് ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല. അമ്മ നായ തന്റെ നായ്ക്കുട്ടിയെ കടിച്ചെടുത്തുകൊണ്ടുവന്ന് നിലത്ത് കൊണ്ടിടുന്നതാണ് കണ്ടത്. ഈ സമയം നായ്ക്കുട്ടിക്ക് ജീവനുണ്ടോ ഇല്ലയോ എന്ന് പറയാൻ പ്രയാസമായിരുന്നു. എന്നിരുന്നാലും കൂടുതൽ പരിശോധനയ്ക്ക് ശേഷം, നായ്ക്കുട്ടിയുടെ ഹൃദയം ദുർബലമായി ഇടിക്കുന്നതായി ഡോഗനും സംഘവും കണ്ടെത്തി. “ഹൃദയം വളരെ സാവധാനത്തിൽ ഇടിക്കുന്നുണ്ടായിരുന്നു, സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് എനിക്ക് അത് കേൾക്കാൻ കഴിഞ്ഞില്ല. എന്നാൽ ഞാൻ ഒരു സൂചി ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, പ്രതീക്ഷയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി,” ഡോഗൻ പറഞ്ഞു. ഉടനടി പരിചരണം നൽകാനും നായ്ക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും അവസരം നൽകി.
അമ്മയുടെ അചഞ്ചലമായ സമർപ്പണവും വെറ്ററിനറി സംഘത്തിൻ്റെ വൈദഗ്ധ്യവും കാരണം നായ്ക്കുട്ടി രക്ഷപ്പെട്ടു. അമ്മ നായയുടെ കരുതലും ഡോക്ടർമാരുടെ പെട്ടെന്നുള്ള പ്രവർത്തനത്തിലും ആവേശഭരിതരായ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തെ സ്പർശിച്ചുകൊണ്ട് ഹൃദയസ്പർശിയായ ഈ കഥ പിന്നീട് വൈറലായി. ഈ ഹൃദയ സ്പർശിയായ രക്ഷാപ്രവർത്തനം മൃഗങ്ങൾക്ക് തന്റെ കുഞ്ഞുങ്ങളുമായുള്ള വൈകാരിക ബന്ധം എടുത്തുകാണിക്കുന്നു. ഒരു കുഞ്ഞിന് വേണ്ടി അമ്മ ഏതറ്റംവരെയും പോകും എന്നതിനുള്ള തെളിവ് കൂടിയാണ് ഈ സംഭവം.