ശവസംസ്‌കാരത്തിന് ശേഷം നടന്ന ആത്മശാന്തി പ്രാര്‍ത്ഥനാ യോഗത്തില്‍ മരണപ്പെട്ടെന്ന് കരുതി ശവമടക്കം നടത്തിയ 43 കാരന്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന നഗരത്തില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ ബ്രിജേഷ് സുത്താര്‍ എന്നയാളാണ് സ്വന്തം ശവമടക്ക് പ്രാര്‍ത്ഥനയില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര്‍ 27 നായിരുന്നു ബ്രിജേഷ് സുത്താറിനെ കാണാതായത്.
വീട്ടുകാര്‍ എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. ആളെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ്, നവംബര്‍ 10 ന്, സബര്‍മതി പാലത്തിന് സമീപം ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തിയപ്പോള്‍ അത് ജീര്‍ണിച്ചിരുന്നു.
മൃതദേഹം ബ്രിജേഷിന്റെ ശരീരഘടനയോട് സാമ്യമുള്ളതിനാല്‍ അത് അവനാണെന്ന് ബന്ധുക്കള്‍ അനുമാനിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികസമ്മര്‍ദ്ദത്തില്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. മൃതദേഹം കുടുംബാംഗങ്ങള്‍ സംസ്‌കരിക്കുകയും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. അനുശോചന പ്രാര്‍ത്ഥനാ യോഗത്തില്‍ ബ്രിജേഷ് നേരിട്ട് എത്തിയപ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായ കാര്യം സംഭവിച്ചത് പോലീസിനെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചു.
”ഞങ്ങള്‍ അവനെ എല്ലായിടത്തും തിരഞ്ഞു, അവന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പോലീസ് ഞങ്ങളെ ഒരു മൃതദേഹം കാണിച്ചു, അത് വീര്‍ത്തിരുന്നു, ഞങ്ങള്‍ അത് തെറ്റിദ്ധരിപ്പിച്ച് ശവസംസ്‌കാരം നടത്തി.” ബ്രിജേഷിന്റെ അമ്മ പറഞ്ഞു. ഇയാള്‍ വിഷാദരോഗിയാണെന്ന് മറ്റൊരു ബന്ധു അവകാശപ്പെട്ടിരുന്നു. 43 കാരന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് പോലീസിനാണ് തലവേദനയായത്. കാരണം കുടുംബം സംസ്‌കരിച്ച വ്യക്തി ആരാണെന്ന് ഇപ്പോള്‍ അന്വേഷിക്കേണ്ട സ്ഥിതിയിലായി പോലീസ്.