മുംബൈയിൽ പൊതുസ്ഥലത്ത് വാളെടുത്ത് ബസുകളുടെയും ട്രക്കുകളുടെയും ചില്ലുകൾ തകർത്ത് 16-കാരൻ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഭാണ്ഡൂപ്പ് ഏരിയയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
സംഭവത്തിൽ മുംബൈ പോലീസ് ഉടൻ നടപടിയെടുക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, അമ്മാവൻ തന്നെ ശകാരിച്ചെന്നും, ഇത് തന്നെ പ്രകോപിപ്പിച്ചു എന്നുമാണ് പതിനാറുകാരൻ വെളിപ്പെടുത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചുറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ള ടീ ഷർട്ടിട്ട കൗമാരക്കാരൻ ബസിന്റെ മുൻവശത്തെ ഗ്ലാസിൽ വാൾകൊണ്ട് അടിക്കുന്നതാണ് കാണുന്നത്. പ്രദേശത്തെ ട്രക്കുകൾക്ക് നേരെയും ഇയാൾ വാൾ വീശിയതായി പോലിസ് പറയുന്നു. സംഭവം പരിസരവാസികളെ ഭീതിയിലാഴ്ത്തി. ചിലർ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ട മുംബൈ പോലീസ് ഇയാൾക്കെതിരെ ഉടൻ തന്നെ കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിക്രോളി ബസ് ഡിപ്പോയിലെ ബെസ്റ്റ് ബസ് ഡ്രൈവർ ജ്ഞാനേശ്വർ സവായിറാം റാത്തോഡ് (42) ആണ് കൗമാരക്കാരനെതിരേ പരാതി നൽകിയത്. കൗമാരക്കാരൻ ബസ് തടഞ്ഞപ്പോൾ താൻ ബസ് ഓടിക്കുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. കുട്ടി ബസിൽ “വാളുമായി” ഇടിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കൊല്ലുക എന്ന ഉദ്ദേശത്തോടെ ഡ്രൈവറെ കുത്തുകയുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ സമയത്ത്, കൗമാരക്കാരൻ വ്യക്തമല്ലാത്ത ഭാഷയിൽ അധിക്ഷേപകരമായ വാക്കുകൾ വിളിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ പതിനാറുകാരൻ ബസിന്റെ മുൻവശത്തെ ചില്ല് തകർത്തതായും പോലീസ് പറഞ്ഞു. ഏകദേശം 70,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.