Good News

നടുക്കടലില്‍ മുങ്ങിത്താണ യുവതിയെ പിടിച്ചുകയറ്റി; ഹീറോയായി ബ്രസീലിന്റെ ഒളിമ്പിക് കൈറ്റ് സര്‍ഫര്‍

കടലില്‍ മുങ്ങിത്താഴുകയായിരുന്ന യുവതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി യഥാര്‍ത്ഥ ഹീറോയായി ബ്രസീലിന്റെ ഒളിമ്പിക് കൈറ്റ് സര്‍ഫര്‍ ബ്രൂണോ ലോബോ. തന്റെ ഉപകരണങ്ങളുടെ സഹായത്തോടെ യുവതിയെ നടുക്കടലില്‍ നിന്നും ലോബോ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മാരന്‍ഹാവോയിലെ സ്വന്തം പട്ടണമായ സാവോ ലൂയിസിനടുത്ത് പ്രാദേശിക സമയം വൈകുന്നേരം 5.40 നായിരുന്നു സംഭവം. തീരത്ത് കൈറ്റ് സര്‍ഫിംഗ് നടത്തുകയും തന്റെ ക്യാമറ പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു ബ്രൂണോ.

സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ലോബോ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ”കൈറ്റ് സര്‍ഫിംഗിനിടയില്‍ ഏതാനും മീറ്ററുകള്‍ നീങ്ങുമ്പോള്‍ സഹായത്തിനായുള്ള നിലവിളി കേട്ടു, മുങ്ങിമരിക്കാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനമായിരുന്നു അത്.” സംഭവത്തിന്റെ വീഡിയോയ്ക്കൊപ്പം ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റില്‍ അദ്ദേഹം വിശദീകരിച്ചു. ”ഞാന്‍ പെട്ടെന്ന് അവളെ സമീപിച്ചു. അവള്‍ വളരെ ക്ഷീണിതയായിരുന്നു, ശക്തിയില്ലാത്തതിനാല്‍ എന്റെ പുറകില്‍ കയറാന്‍ അവളോട് ആവശ്യപ്പെട്ടു.”

തീരെ കരുത്തില്ലാതിരുന്ന യുവതിക്ക് പിന്നീട് ലോബോ തന്റെ സര്‍ഫിംഗ് ബോര്‍ഡ് എത്തിച്ചുകൊടുത്ത് കൂടുതല്‍ സുരക്ഷിതമാക്കിയ ശേഷം അവര്‍ തീരത്തേക്ക് നീങ്ങി തുടര്‍ന്ന് ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തുകയും യുവതിയെ തീരത്തേക്ക് എടുത്തുകൊണ്ടുപോകുകയും ചെയ്തതായി 31 കാരനായ ലോബോ വിശദീകരിച്ചു. ”സന്തോഷകരമായ ഒരു അന്ത്യമുണ്ടായതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, അവള്‍ സുഖമായിരിക്കുന്നു! തീര്‍ച്ചയായും അവള്‍ അല്‍പ്പനേരം കൂടി വെള്ളത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് അവള്‍ ഉണ്ടാകുമായിരുന്നില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ അനുഭവം സോഷ്യല്‍ മീഡിയയിലെ അനുയായികളുമായി പങ്കുവെക്കുന്നതിനൊപ്പം സുരക്ഷാ മുന്നറിയിപ്പ് നല്‍കാനും ലോബോ അവസരം ഉപയോഗിച്ചു. ‘കടല്‍ ശരിക്കും അപകടകരമാണ്. നിങ്ങള്‍ക്ക് നീന്താന്‍ അറിയാമെങ്കിലും തീരത്ത് നിന്ന് വളരെ ദൂരത്തേക്ക് പോകുന്നത് ഒഴിവാക്കുക, കാരണം ശക്തമായ ഒഴുക്കുണ്ട്. വേലിയേറ്റം നിങ്ങളെ വലിച്ചെടുക്കും.’ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ഉപദേശിച്ചു.

സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ സുരക്ഷയുടെയും വിനയത്തിന്റെയും പ്രാധാന്യം ബ്രൂണോ ഊന്നിപ്പറഞ്ഞു. ഈ യുവതിയെ രക്ഷിക്കാന്‍ ദൈവം എന്നെ ഒരു ഉപകരണമായി ഉപയോഗിച്ച ദിവസം, എല്ലാ ബഹുമാനവും മഹത്വവും അവനിലേക്ക് പോകുന്നു. ബ്രൂണോ ബ്രസീലില്‍ രണ്ട് തവണ പാന്‍ അമേരിക്കന്‍ ഫോര്‍മുല കൈറ്റ് ചാമ്പ്യനായിരുന്നു. അടുത്തിടെ പാരീസ് 2024 ഒളിമ്പിക് ഗെയിംസില്‍ മത്സരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *