പുരുഷനായി ജനിക്കുക, 22 വര്‍ഷം ആരും അറിയാതെ കന്യാസ്ത്രീയായി വിവിധ കോണ്‍വെന്റുകളില്‍ താമസിക്കുക ഒടുവില്‍ പുറത്താക്കപ്പെട്ട് ശിഷ്ടകാലം പുരുഷനായി തയ്യല്‍ജോലികള്‍ ചെയ്തു ജീവിക്കുക. പറഞ്ഞുവരുന്നത് ഒരു സിനിമാക്കഥയല്ല. അതിനെപ്പോലും വെല്ലുവിളിക്കാന്‍ കഴിയുന്ന തരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടന്ന ഒരു സംഭവകഥയെക്കുറിച്ചാണ്.
പുരുഷനായി ജനിച്ച ജീവിതത്തിന്റെ 22 വര്‍ഷക്കാലം, ആരും സംശയിക്കാതെ രണ്ട് വ്യത്യസ്ത കോണ്‍വെന്റുകളില്‍ സിസ്റ്റര്‍ മാര്‍ഗരിറ്റ എന്ന നിലയില്‍ ജീവിച്ച ഫ്രാങ്ക് ടവാരെസാണ് നായകന്‍.
‘കന്യാസ്ത്രീ-മനുഷ്യന്‍’ എന്നാണ് ഈ അസാധാരണകഥ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഫ്രാങ്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എല്ലാം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോഴാണ് ഗുരുതരമായ ഒരു കാര്‍ അപകടത്തില്‍ പെട്ട് മാതാപിതാക്കളുടെ ജീവന്‍ നഷ്ടമായത്. കടുത്തദാരിദ്ര്യം കാരണം അദ്ദേഹത്തിന്റെ മുത്തശ്ശിമാര്‍ക്ക് കുട്ടിയെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല.
അവര്‍ അദ്ദേഹത്തെ ഒരു ഡൊമിനിക്കന്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീകളുടെ സംരക്ഷണയില്‍ ചേര്‍ത്തു. അദ്ദേഹം കോണ്‍വെന്റില്‍ വളര്‍ന്നത് ഒരു പെണ്‍കുട്ടിയായിട്ടാണ്. അതിന് കാരണം ചെറുപ്പത്തില്‍, അദ്ദേഹത്തിന്റെ ജനനേന്ദ്രിയങ്ങള്‍ വളരെ ചെറുതായിരുന്നതിനാലാണ്. അവ കണ്ടെത്താന്‍ പോലും തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് ടവാരെസ് ഓര്‍മ്മിക്കുന്നു,
പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ധരിച്ചു, കന്യാസ്ത്രീകളുടെ ശീലങ്ങള്‍ സ്വീകരിച്ചു. പുതിയ താമസസ്ഥലത്തെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും മുഴുകി. ഏഴ് വയസ്സ് കഴിഞ്ഞപ്പോഴാണ് താന്‍ ഒരു പുരുഷനാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്, പക്ഷേ പുറത്താക്കപ്പെടാതിരിക്കാന്‍ അദ്ദേഹം ഒരു പെണ്‍കുട്ടിയായി അഭിനയിക്കാന്‍ തുടങ്ങി. ഏഴ് വയസ്സുള്ളപ്പോള്‍, ഫ്രാങ്ക് പൂര്‍ണ്ണ ആരോഗ്യ പരിശോധനയ്ക്ക് വിധേയനായപ്പോള്‍ ഡോക്ടര്‍ അവന്‍ ഒരു ആണ്‍കുട്ടിയാണെന്നും വിഷമിക്കേണ്ടതില്ലെന്നും സ്ഥിരീകരിച്ചു.
കൗമാര പ്രായത്തിലെത്തുമ്പോള്‍ ജനനേന്ദ്രിയം പ്രായത്തിനനുസരിച്ച് വലിപ്പപ്പെടുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, തന്റെ യഥാര്‍ത്ഥ ലിംഗഭേദത്തെക്കുറിച്ച് അവന്‍ കൂടുതല്‍ സ്വയം ബോധവാനായി. അത് മറച്ചുവെയ്ക്കുകയല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു.
ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍വെച്ച് കുളിക്കാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. ബോക്‌സര്‍ ശൈലിയിലുള്ള പാന്റീസ് ധരിച്ചാണ് കുളിക്കാന്‍ പോയിരുന്നത്. ആര്‍ത്തവം വ്യാജമായി ഉണ്ടാക്കി. വലിയ വസ്ത്രങ്ങള്‍ ധരിച്ചു. എല്ലാം ശാന്തമായി പോകുമ്പോള്‍ കോണ്‍വെന്റിലെ മറ്റ് ചില പുതുമുഖ കന്യാസ്ത്രീകളോട് അയാള്‍ക്ക് ആകര്‍ഷണം തോന്നി.
അവരില്‍ ഒരാള്‍ ഫ്രാങ്കില്‍ നിന്നും ഗര്‍ഭിണിയായതോടെ അയാള്‍ക്ക് തന്റെ വ്യക്തിത്വം മറച്ചുപിടിക്കാന്‍ മറ്റൊരു കോണ്‍വെന്റിലേക്ക് മാറുകയല്ലാതെ മാര്‍ഗവുമില്ലായിരുന്നു, അവിടെ അദ്ദേഹം വീണ്ടും പ്രലോഭനത്തിന് വഴങ്ങി. സില്‍വിയ എന്ന സ്ത്രീയുമായി പ്രണയത്തിലായി. അവരും ഗര്‍ഭിണിയായതോടെ ഒരു കുടുംബജീവിതത്തിന് സാഹചര്യം നിര്‍ബ്ബന്ധിച്ചെങ്കിലും അയാള്‍ വിസമ്മതിച്ചു.
ഒടുവില്‍, കോണ്‍വെന്റിലെ ഒരു അദ്ധ്യാപകന്‍ സിസ്റ്റര്‍ മാര്‍ഗരിറ്റ കാമുകി സില്‍വിയയ്ക്ക് അയച്ച ഒരു കത്ത് കണ്ടെത്തിയത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ലിംഗഭേദം സ്ഥിരീകരിച്ചു. ഫ്രാങ്ക് മറച്ചുവെച്ച വിവരങ്ങള്‍ 1979-ല്‍, പുറത്തായതോടെ 22 വര്‍ഷത്തെ കന്യാസ്ത്രീ വേഷം അഴിച്ചുവെയ്ക്കാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായി. കോണ്‍വെന്റ് വിട്ടുള്ള പുരുഷ ജീവിതത്തിലേക്ക് അദ്ദേഹം മാറി. കോണ്‍വെന്റില്‍ നിന്നും തയ്യല്‍പ്പണിയില്‍ കിട്ടിയ പരിശീലനം പിന്നീട് ജീവിതത്തില്‍ തുണയായി. 73-ാം വയസ്സിലും ഒരു തയ്യല്‍ക്കാരന്റെ തൊഴിലില്‍ തുടരുകയാണ് ഫ്രാങ്ക് ഇപ്പോള്‍.
തന്റെ ജീവിതത്തിലെ ഏക പ്രണയിനിയായി അദ്ദേഹം കരുതിയ സില്‍വിയ അമേരിക്കയിലേക്ക് പോയതോടെ അവരുടെ പ്രണയം അവിടെ അവസാനിച്ചു. അദ്ദേഹം ഒരിക്കലും അവരുടെ കുട്ടിയെ കണ്ടിട്ടില്ല, പക്ഷേ ഇപ്പോഴും സില്‍വിയയെ തന്റെ ജീവിതത്തിലെ ആത്യന്തിക പ്രണയമായി കണക്കാക്കുന്നു. 22 വര്‍ഷം കന്യാസ്ത്രീയായി ജീവിച്ച ഡൊമിനിക്കന്‍ പുരുഷന്റെ അവിശ്വസനീയമായ കഥ നിരവധി ടെലിവിഷന്‍ ഷോകള്‍ക്ക് കഥയായി. ‘ദി അണ്‍ഡ്രസ്ഡ് നണ്‍’, ‘ക്രോസ്‌റോഡ്‌സ് ഇന്‍ ദി ഷാഡോസ്’ തുടങ്ങിയ രണ്ടു പുസ്തകങ്ങള്‍ക്കും വിഷയമായി.