ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയ്‌ക്കെതിരേ നടന്ന ടി20 പരമ്പര ഇന്ത്യയുടെ പരീക്ഷണ ടീമായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. നായകനെ മാറാതെ ഉപനായകന്മാരെ മാറ്റി മാറ്റി പരീക്ഷിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കാന്‍ പോകുന്ന ടി20 പരമ്പരയില്‍ മറ്റൊരു ഉപനായകനെ കൂടി കൊണ്ടുവരികയാണ്. ഇന്ത്യയ്ക്കായി 60 ലധികം ടി20 മാച്ച് കളിച്ച താരത്തെയാണ് പരിഗണിച്ചിട്ടുള്ളത്.
നേരത്തേ ഓസീസിനെതിരേയുള്ള ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടീമിന്റെ നായകന്‍. എന്നാല്‍ ഉപനായകന്റെ കാര്യത്തില്‍ മാത്രമാണ് മാറ്റം. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ പരിഗണിച്ചത് ഋതുരാജ് ഗെയ്ക്ക് വാദിനെയായിരുന്നു. എന്നാല്‍ അവസാന രണ്ടു മത്സരങ്ങളില്‍ ശ്രേയസ് അയ്യരെയും നിയോഗിച്ചു.
എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള മത്സരത്തില്‍ വെറ്ററന്‍ താരം രവീന്ദ്ര ജഡേജയാണ് ഉപനായകാകുക. വരുന്ന ബുധനാഴ്ചയാണ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. ഡിസംബര്‍ 10 ഞായറാഴ്ചയാണ് ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിക്കുക. ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മ്മ, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ ഇല്ലാതെയാണ് ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.
അടുത്ത ടി20 ലോകകപ്പ് മുന്‍ നിര്‍ത്തി സൂര്യകുമാര്‍ യാദവിന് കീഴില്‍ പുതിയൊരു യുവനിരയെ വാര്‍ത്തെടുക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലക്ഷ്യമിടുന്നത്. 35 കാരനായ രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി 64 ടി20 മത്സരങ്ങള്‍ കളിച്ച താരമാണ്. 2022 ആഗസ്റ്റ് 31 ല്‍ ഹോങ്കോംഗിനെതിരേ ദുബായിലായിരുന്നു ജഡേജയുടെ അരങ്ങേറ്റം. ടി20 2024 ലക്ഷ്യമിട്ടാണ് ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തുന്നത്. 2023 ലോകകപ്പ് കളിച്ച ടീമിലുള്ള നാലു താരങ്ങളില്‍ ഒരാളാണ് ജഡേജ.