Sports

വനിതാടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീതിന്റെ ഈ നേട്ടം ടി20 ലോകകപ്പ് നേടിയ ധോണിക്കുമില്ല, കോഹ്ലിക്കുമില്ല

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കുറിച്ച ഇന്ത്യന്‍ വനിതാടീം നേടിയത് കായിക ലോകത്തെ ഒരു നാഴികക്കല്ലായിരുന്നു. പുരുഷ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏതെങ്കിലും ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടുന്ന ടീം എന്ന ഖ്യാതിയാണ് നേടിയത്. ഇതിനൊപ്പം ടീമിന്റെ നായിക ഹര്‍മ്മന്‍പ്രീത് കൗറും കരിയറിലെ മറ്റൊരു നേട്ടം കൊയ്തു.

ടി20 മത്സരങ്ങളില്‍ നായികയായി ഹര്‍മ്മന്‍പ്രീത് സെഞ്ച്വറി കുറിച്ചു. 100 ടി20 കളില്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍മന്‍പ്രീത് മാറിയത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, എംഎസ് ധോണി തുടങ്ങിയ പുരുഷ ദേശീയ ടീമിന്റെ ഇതിഹാസ നായകന്മാര്‍ക്ക് പോലും നേടാനാവാത്ത നേട്ടമാണ്.

ബംഗ്ലാദേശിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) രണ്ട് മത്സര സസ്‌പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ കാരണം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നിവയില്‍ നിന്ന് വിട്ടുനിന്ന ഹര്‍മന്‍പ്രീത് ഫൈനലില്‍ ആയിരുന്നു പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയത്. കളിയില്‍ ടീമിനെ നയിച്ചതോടെ നേട്ടം താരത്തിനൊപ്പമായി.

100 മത്സരങ്ങളില്‍ ദേശീയ ടീമിനെ നയിക്കുന്ന രണ്ടാമത്തെ താരമാണ് ഹര്‍മന്‍പ്രീത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങാണ് ആദ്യത്തെയാള്‍. 2023 ലെ വനിതാ ടി 20 ലോകകപ്പ് ഫൈനലിലാണ് ലാനിംഗ് ഈ നേട്ടം കൈവരിച്ചത്. അതിനുശേഷം ലാനിംഗ് ഒരു മത്സരവും കളിച്ചിട്ടില്ല. എന്നാല്‍ അടുത്ത മത്സരത്തില്‍ കൂടി ഹര്‍മ്മന്‍പ്രീത് ഇന്ത്യന്‍ ടീമിനെ നയിച്ചാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടി 20 മത്സരങ്ങള്‍ നയിച്ച ലോക റെക്കോര്‍ഡും ഹര്‍മന്‍പ്രീതിനൊപ്പമാകും.

100 ടി 20 മത്സരങ്ങളില്‍ ടീമിനെ നയിച്ച പുരുഷ കളിക്കാരനും ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍മന്‍പ്രീതിന്റെ ആദ്യ ടി 20 മത്സരവും 2012 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഗ്വാങ്ഷുവില്‍ നടന്ന മത്സരത്തിലായിരുന്നു. 155 ടി20 മത്സരങ്ങള്‍ കളിച്ച ഹര്‍മപ്രീത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.