Celebrity

സിംഗിള്‍ മദറല്ല, ജീവിത പങ്കാളിയുടെയും കുഞ്ഞിന്റേയും ചിത്രം പങ്കുവെച്ച് ഇല്യാന ഡിക്രൂസ്

തെലുങ്ക് – ബോളിവുഡ് താരം ഇല്യാന ഡിക്രൂസ് മാതൃത്വം ആഘോഷമാക്കുന്ന തിരിക്കിലാണ്. മകന്‍ കോയ ഫീനിക്‌സ് ഡോളാനുമായി സമയം ചെലവഴിക്കുന്ന നിലയിലുള്ള ഏതാനും ചിത്രങ്ങള്‍ താരം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 1 നായിരുന്നു താരം അമ്മയായത്. ഇതിന്റെ വാര്‍ത്തകളും കുട്ടിയുടെ പേരും പിന്നാലെ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും കുട്ടിയുടെ മുഖം പുറത്തുവിട്ടിരുന്നില്ല.

എന്നാല്‍ ഇതാദ്യമായി തന്റെ കുഞ്ഞിന്റെ മുഖം പൂര്‍ണ്ണമായും പുറത്തുവിട്ടിരിക്കുകയാണ് നടി. ആരാധകരുടെ ചോദ്യം അധികമായി മാറിയതോടെ തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് മുന്നിലേക്കായിരുന്നു കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയായപ്പോഴത്തെ ആദ്യ വൈകാരിക അനുഭവത്തേക്കുറിച്ചും ഇതിനിടയില്‍ ചില ആരാധകര്‍ ചോദിച്ചിരുന്നു. അമ്മയാകുന്നതായി ആദ്യം അറി്ഞ്ഞപ്പോള്‍ അതൊരു അവിശ്വസനീയമായ വൈകാരിക മുഹൂര്‍ത്തമായിരുന്നു എന്ന് താരം പറഞ്ഞു.

ഇപ്പോളും അതിന്റെ അത്ഭുതം മാറിയിട്ടില്ലെന്നും എന്റെ കുഞ്ഞിനെ പിടിക്കുമ്പോള്‍ ഇപ്പോഴും ഒരു വലിയ മേഘാവൃതമായ സന്തോഷകരമായ സ്വപ്നം പോലെയാണ് തോന്നുന്നതെന്നും താരം പറയുന്നു. തന്റെ സ്വകാര്യജീവിതം ഇല്യാന പലപ്പോഴും പുറംലോകത്ത് നിന്നും മറച്ചു പിടിക്കുകയായിരുന്നു. തന്റെ കുട്ടിയുടെ പിതാവായ പങ്കാളിയുടെ പേരുവിവരം പോലും നടി പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ സിംഗിള്‍ മദര്‍ എന്ന സ്റ്റാറ്റസിലാണോ കുട്ടിയെ വളര്‍ത്താന്‍ പോകുന്നത് എന്ന ചോദ്യത്തിനോട് പ്രതികരിച്ച ഇല്യാന അല്ലെന്ന് വ്യക്തമാക്കുകയും തന്റെ പങ്കാളിയുടെ മുഖം കാട്ടുന്ന കൃത്യമായ ചിത്രം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

കുട്ടിയുണ്ടാകുന്നതിന് മുമ്പ് തന്റെ പങ്കാളിയുമായുള്ള ഡേറ്റിംഗ് നൈറ്റിന്റെ ചില ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇനി സിനിമയിലേക്ക് എന്നാണെന്ന ചോദ്യത്തിനും താരം ഉത്തരം നല്‍കുന്നു. അഭിനയത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണെന്നാണ് താരം പറയുന്നത്. അഭിഷേക് ബച്ചനൊപ്പം ബിഗ് ബുള്ളിലാണ് താരം അവസാനമായി അഭിനയിച്ചത്. അജയ്‌ദേവ് ഗണ്‍ നിര്‍മ്മിച്ച് കൂകി ഗുലാത്തി സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. ഇനി രണ്‍ദീപ് ഹൂഡയ്‌ക്കൊപ്പമുള്ള ‘അണ്‍ഫെയര്‍ ആന്റ് ലവ്‌ലി’ യാണ് അടുത്തത്.