Oddly News

വിദേശ സിനിമ കണ്ടാല്‍ ഉത്തര കൊറിയയില്‍ വധശിക്ഷ ? യു.എന്‍. റിപ്പോര്‍ട്ട്‌

ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു യു.എന്‍. റിപ്പോര്‍ട്ട്‌. ഉത്തര കൊറിയ ‘പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന്‌’ യു.എന്‍. മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നത്തെ ലോകത്തില്‍ മറ്റൊരു ജനതയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായിട്ടില്ലെന്ന്‌ യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്‌ വ്യക്‌തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടവരുമായി നടത്തിയ 300ലധികം അഭിമുഖങ്ങളെ അടിസ്‌ഥാനമാക്കിയാണു റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ വധശിക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. 2015 മുതല്‍ വധശിക്ഷ നല്‍കാനുള്ള കാരണങ്ങള്‍ കൂടി. വിദേശ ചലച്ചിത്രങ്ങളും ടെലിവിഷന്‍ പരിപാടികളും കാണുന്നതും പങ്കിടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റി.

2020 മുതല്‍ വിദേശ ഉള്ളടക്കം വിതരണം ചെയ്‌തതിന്‌ കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കി. ഈ വധശിക്ഷകള്‍ പൊതുസ്‌ഥലങ്ങളില്‍ വെടിവയ്‌പ്പിലൂടെയാണ്‌ നടപ്പാക്കുന്നത്‌. ഇതു ജനങ്ങളില്‍ ഭയം ഉളവാക്കാനും നിയമം ലംഘിക്കുന്നതില്‍നിന്ന്‌ അവരെ തടയാനുമാണ്‌. മൂന്ന്‌ സുഹൃത്തുക്കള്‍ ദക്ഷിണ കൊറിയന്‍ ഉള്ളടക്കവുമായി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ വധിക്കപ്പെട്ടതായി 2023ല്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ട കാങ്‌ ഗ്യൂരി പറഞ്ഞു. അവര്‍ മയക്കുമരുന്ന്‌ കുറ്റവാളികളോടൊപ്പമാണു വിചാരണ ചെയ്യപ്പെട്ടത്‌. ഇപ്പോള്‍ ഈ കുറ്റകൃത്യങ്ങള്‍ ഒന്നായിട്ടാണ്‌ കണക്കാക്കുന്നത്‌- കാങ്‌ അറിയിച്ചു.

2011ല്‍ കിം ജോങ്‌ ഉന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇളവുകള്‍ നല്‍കുമെന്ന സൂചന നല്‍കിയിരുന്നു. പക്ഷേ, 2019ല്‍ കിം പാശ്‌ചാത്യ രാജ്യങ്ങള്‍, അമേരിക്ക എന്നിവയുമായുള്ള നയതന്ത്രം ഒഴിവാക്കി . വൈകാതെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മനുഷ്യാവകാശങ്ങളും ‘വഷളായി’ എന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. ജനങ്ങള്‍ക്കു മികച്ച ഭക്ഷണം ലഭിക്കുന്നില്ല. ദിവസം മൂന്ന്‌ നേരം ഭക്ഷണം കഴിക്കുന്നത്‌ ‘വിശേഷാവകാശ’മായി മാറി. കോവിഡ്‌ മഹാമാരിയുടെ സമയത്ത്‌ രാജ്യത്തുടനീളം ആളുകള്‍ പട്ടിണി കിടന്ന്‌ മരിച്ചത്രേ. ചൈനയുമായുള്ള അതിര്‍ത്തിയില്‍ നിയന്ത്രണം ശക്‌തിപ്പെടുത്തുകയും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെ വെടിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു. അങ്ങനെ രാജ്യത്തുനിന്ന്‌ രക്ഷപ്പെടുന്നത്‌ ഏതാണ്ട്‌ അസാധ്യമാക്കി.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ജനങ്ങളെ ഏതാണ്ട്‌ പൂര്‍ണമായി നിയന്ത്രിച്ചിട്ടുണ്ട്‌, അവര്‍ക്ക്‌ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. ജയിലുകളിലെ അവസ്‌ഥ വളരെ മോശമാണ്‌. അമിതമായ ജോലി, പോഷകാഹാരക്കുറവ്‌ എന്നിവ മൂലം നിരവധി തടവുകാര്‍ മരിച്ചു. റിപ്പോര്‍ട്ട്‌ ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതിയിലേക്ക്‌ കൈമാറമെന്ന ശിപാര്‍ശയും യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മിഷണര്‍ നല്‍കിയിട്ടുണ്ട്‌. പക്ഷേ, തുടര്‍ നടപടികള്‍ അത്ര എളുപ്പമല്ല. അതിനു യു.എന്‍. രക്ഷാസമിതിയുടെ അനുമതി വേണം. 2019 മുതല്‍ ഉത്തര കൊറിയയ്‌ക്കെതിരായ റിപ്പോര്‍ട്ടുകള്‍ യു.എന്‍. സ്‌ഥിരം അംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ ചെയ്യുകയാണു പതിവ്‌.