Featured Spotlight

ഉത്തര കൊറിയ; 13 വയസുകാരി പിന്‍ഗാമി; കിമ്മിന്റെ കുടുംബത്തില്‍ തര്‍ക്കം, സഹോദരിക്ക് എതിര്‍പ്പ്

പ്യോങ്യാങ്‌: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിന്റെ കുടുംബത്തില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്‌. 13 വയസുള്ള മകള്‍ കിം ജു യേയെ കിം പിന്‍ഗാമിയായി പ്രഖ്യാപിച്ചതാണു പ്രശ്‌നമായത്‌. ആ തീരുമാനത്തോട്‌ ഉത്തര കൊറിയന്‍ ഭരണകൂടത്തിലെ രണ്ടാംസ്‌ഥാനക്കാരി കൂടിയായ കിം യോ ജോങ്ങിനു വിയോജിപ്പുണ്ടെന്നാണു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌. കിം ജോങ്‌ ഉന്നിന്റെ സഹോദരിയാണു യോ ജോങ്‌.

കഴിഞ്ഞയാഴ്‌ചയാണു കിം ജു യേയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമുണ്ടായത്‌. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയുടെ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ്‌ പുതിയ നീക്കങ്ങള്‍.
ഈ സമ്മേളനത്തില്‍ കിം ജോങ്‌ ഉന്‍ തന്റെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമെന്നു ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ്‌ സര്‍വീസ്‌ (എന്‍.ഐ.എസ്‌.) റിപ്പോര്‍ട്ട്‌ ചെയ്‌തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ കിം ജു യേ പിതാവിനൊപ്പം പ്രത്യക്ഷപ്പെടുമോ എന്ന്‌ ഉറ്റുനോക്കുകയാണു രാഷ്‌ട്രീയ നിരീക്ഷകര്‍.

2022 നവംബറില്‍ ഉത്തര കൊറിയയുടെ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു പിതാവിനൊപ്പം സാക്ഷ്യം വഹിക്കാനെത്തിയപ്പോഴാണ്‌ കിം ജു യേ ആദ്യമായി ലോകം ശ്രദ്ധിച്ചത്‌. അന്നുമുതല്‍, ആയുധ പരീക്ഷണങ്ങള്‍, സൈനിക പരേഡുകള്‍, ഫാക്‌ടറി സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികളില്‍ അവര്‍ പിതാവിനോടൊപ്പം പങ്കെടുത്തു. കഴിഞ്ഞ സെപ്‌റ്റംബറില്‍ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ ചൈനീസ്‌ നേതാവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കായി അവര്‍ പിതാവിനോടൊപ്പം ബെയ്‌ജിങ്ങിലേക്കു പോകുകയും ചെയ്‌തു.

നേരത്തെ, ദക്ഷിണ കൊറിയയിലെ ഉദ്യോഗസ്‌ഥര്‍ കൗമാരക്കാരിക്ക്‌ ഉത്തര കൊറിയയെ നയിക്കാന്‍ കഴിയുമോ എന്ന്‌ സംശയിച്ചിരുന്നു.
രാജ്യത്തിന്റെ യാഥാസ്‌ഥിതികവും പുരുഷാധിപത്യപരവുമായ നേതൃത്വത്തെ അവര്‍ ഇതിന്‌ കാരണമായി ചൂണ്ടിക്കാട്ടി. എന്നാല്‍ കിം ജു യേയുടെ തുടര്‍ച്ചയായുള്ള പൊതുപരിപാടികള്‍ ഒരു പുനര്‍ചിന്തനത്തിന്‌ നിര്‍ബന്ധിതമാക്കി. കിം ജോങ്‌ ഉന്നിന്റെ സഹോദരിയായ കിം യോ ജോങ്ങാകും കിം ജു യേയുടെ മുന്നിലെ തടസമെന്നാണു എന്‍.ഐ.എസിന്റെ റിപ്പോര്‍ട്ട്‌.

38 വയസുള്ള അവര്‍, ഉത്തര കൊറിയയിലെ രണ്ടാമത്തെ സ്വാധീനമുള്ള വ്യക്‌തിയായി കണക്കാക്കപ്പെടുന്നു, കൂടാതെ ശക്‌തമായ രാഷ്‌ട്രീയ, സൈനിക പിന്തുണയും അവര്‍ക്കുണ്ട്‌. കിം യോ ജോങ്‌ നിലവില്‍ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടി ഓഫ്‌ കൊറിയയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന സ്‌ഥാന വഹിക്കുന്നു, കൂടാതെ സഹോദരന്മേല്‍ സ്വാധീനമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

ദക്ഷിണ കൊറിയയുടെ മുന്‍ മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥനായ റാഹ്‌ ജോങ്‌ യില്‍, അധികാര വടംവലി ‘സാധ്യമാണ്‌’ എന്ന്‌ മുന്നറിയിപ്പ്‌ നല്‍കി. കിം യോ ജോങ്ങിന്‌ സാധ്യത തോന്നിയാല്‍ അവര്‍ അധികാരത്തിലേക്ക്‌ എത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സ്വന്തം രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍നിന്ന്‌ അവരെ തടയാന്‍ ‘കാരണങ്ങളൊന്നും ഉണ്ടാകില്ല’ – അദ്ദേഹം പറഞ്ഞു.

കിം യോ ജോങ്‌ ഉത്തര കൊറിയക്കകത്തും പുറത്തും പ്രശസ്‌തി നേടിയിട്ടുണ്ട്‌. അവരുടെ കടുത്ത പരാമര്‍ശങ്ങള്‍ക്ക്‌ പേരുകേട്ട അവര്‍, പതിവായി സ്വന്തം പേരിലുള്ള പ്രസ്‌താവനകള്‍ പുറത്തിറക്കാറുണ്ട്‌. അടുത്ത 15 വര്‍ഷം കൂടി കിം ജോങ്‌ ഉന്‍ തുടര്‍ന്നാല്‍ രാഷ്‌ട്രീയ അവകാശികള്‍ മാറാമെന്ന വാദവുമുണ്ട്‌. അദ്ദേഹത്തിന്‌ രണ്ട്‌ ആണ്‍കുട്ടികള്‍ ഉണ്ടെന്നാണു കരുതപ്പെടുന്നത്‌. അവര്‍ കൂടി മത്സര രംഗത്തേക്ക്‌ വരാം.
കിം ജോങ്‌ ഉന്നിന്റെ കുടുംബത്തില്‍ മുമ്പും ആഭ്യന്തര യുദ്ധങ്ങളുണ്ടായിട്ടുണ്ട്‌. 2011 ല്‍ അധികാരം ഏറ്റെടുത്ത ശേഷം, കിം ജോങ്‌ ഉന്‍ തന്റെ അമ്മാവനും ഉപദേഷ്‌ടാവുമായിരുന്ന ജാങ്‌ സോങ്‌ തേക്കിനെതിരേ നടപടിയെടുത്തു.

‘പാര്‍ട്ടി വിരുദ്ധ, വിപ്ലവ വിരുദ്ധ, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍’ എന്നാരോപിച്ച്‌ 2013 ല്‍ അദ്ദേഹത്തെ വെടിവെച്ചുകൊന്നു. കിം ജോങ്‌ ഉന്നിന്റെ അര്‍ദ്ധസഹോദരനും ഒരിക്കല്‍ ഉത്തര കൊറിയയുടെ അനന്തരാവകാശിയുമായിരുന്ന കിം ജോങ്‌ നാം, 2017 ല്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍വച്ച്‌ രണ്ട്‌ സ്‌ത്രീകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. വിഷം മുഖത്ത്‌ പുരട്ടിയാണ്‌ അവര്‍ അദ്ദേഹത്തെ വധിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *