Sports

അത് രാഹുലിന്റേയും സച്ചിന്റെയും പേരുകളുടെ ആദ്യാക്ഷരമല്ല; ന്യൂസിലന്റ് താരത്തിന്’ രചിന്‍’ എന്ന പേര് വന്നതിന് മറ്റൊരു കാരണം

ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ന്യൂസിലന്റിന്റെ ‘രചിന്‍ രവീന്ദ്ര’. ഇന്ത്യന്‍ വംശജനായ രചിന്‍ ഇതിനകം മൂന്ന് സെഞ്ച്വറികളും രണ്ട് അര്‍ദ്ധശതകങ്ങളും ഈ ലോകകപ്പില്‍ നേടിക്കഴിഞ്ഞു. വാങ്കഡേയില്‍ ആദ്യ സെമിയില്‍ ന്യൂസിലന്റിനെ നേരിടുന്ന ഇന്ത്യയുടെ പ്രധാന ടാര്‍ഗറ്റില്‍ ഒന്നായിരിക്കും ഈ യുവാവിന്റെ വിക്കറ്റെന്ന് ഉറപ്പ്. ലോകകപ്പിന്റെ തുടക്കം മുതല്‍ സെന്‍സേഷനായ രചിന് ആ പേര് കിട്ടിയതിനെക്കുറിച്ച് ഒരു കഥയും പുറത്തുവന്നിരുന്നു.

കട്ട ക്രിക്കറ്റ്ഫാനായ പിതാവ് രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും കടുത്ത ആരാധകന്‍ ആയിരുന്നെന്നും രാഹുല്‍ ദ്രാവിഡിലെ ‘ര’യും സച്ചിന്റെ പേരിലെ ‘ചിന്‍’ എന്ന അക്ഷരങ്ങളും ചേര്‍ത്താണ് താരത്തിന് ‘രചിന്‍’ എന്ന് പേരിട്ടത് എന്നായിരുന്നു കഥ. എന്നാല്‍ ഈ കഥ തള്ളിക്കൊണ്ട് രചിന്റെ പിതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഈ പേര് മനപ്പൂര്‍വം പറഞ്ഞതല്ലെന്ന് രചിന്റെ പിതാവ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘രചിന്‍’ ജനിച്ചപ്പോള്‍, ഭാര്യയാണ് പേര് നിര്‍ദ്ദേശിച്ചത്. ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യാന്‍ അധികം സമയം ചെലവഴിച്ചില്ല,’ രവീന്ദ്രയുടെ അച്ഛന്‍ രവി കൃഷ്ണമൂര്‍ത്തി ദി പ്രിന്റിനോട് പറഞ്ഞു. ‘പേര് നല്ലതായി തോന്നി, ഉച്ചരിക്കാന്‍ എളുപ്പമായിരുന്നു, ചുരുക്കമായിരുന്നു, അതിനാല്‍ ഞങ്ങള്‍ അതിനൊപ്പം പോകാന്‍ തീരുമാനിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ പേര് രാഹുലിന്റെയും സച്ചിന്റെയും പേരുകളുടെ മിശ്രിതമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്.

മകനെ ഒരു ക്രിക്കറ്റ് കളിക്കാരനോ മറ്റെന്തെങ്കിലുമോ ആക്കണമെന്ന ഉദ്ദേശത്തോടെയല്ല പേര് നല്‍കിയതെന്നും പറഞ്ഞു. ഇന്ത്യന്‍ വംശജനായ രച്ചിന്‍ രവീന്ദ്രയുടെ മുത്തശ്ശിമാര്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. 2023 ലോകകപ്പ് ക്രിക്കറ്റ് സമയത്ത് അദ്ദേഹം അവരെ സന്ദര്‍ശിച്ചിരുന്നു.