ഭാര്യയെ കൊലപ്പെടുത്തി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ സൈനികനെ 20 വര്‍ഷത്തെ തെരച്ചിലിന് ശേഷം പോലീസ് കണ്ടെത്തി. 1989 മെയ് 31 ന് ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ സൈനികന്‍ കൂടിയായ അനില്‍ കുമാര്‍ തിവാരിയെ യാണ് രണ്ടു ദശകങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്.
ഒളിവിലായിരുന്ന അനില്‍ കുമാര്‍ തിവാരിയെ ശനിയാഴ്ച ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 1989 മെയ് 31-ന് അനില്‍ കുമാര്‍ തിവാരിയെ അറസ്റ്റ് ചെയ്യുകയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2005 നവംബര്‍ 21-ന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചെങ്കിലും പക്ഷേ പ്രതി ജയിലിലേക്ക് മടങ്ങിയില്ല.
അടുത്തിടെ ക്രൈംബ്രാഞ്ച് സംഘം പ്രയാഗ്രാജിലും തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗ്രാമത്തിന് ചുറ്റും നടത്തിയ നിരീക്ഷണത്തിലൂടെ തിവാരിയെ കണ്ടെത്തി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഏപ്രില്‍ 12 ന് മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ചുര്‍ഹട്ട് ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് തിവാരി കുടുങ്ങിയത്. അതിവിദഗ്ദ്ധമായിട്ടാണ് തിവാരി തന്റെ ഒളിവ് ജീവിതം നടത്തിയത്.
പോലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് അറിയാമായിരുന്നതിനാല്‍ അദ്ദേഹം ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. താവളവും ജോലിസ്ഥലവും നിരന്തരം മാറിക്കൊണ്ടും ഇരുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം പണമിടപാടുകള്‍ നടത്തിയിരുന്നതെല്ലാം നേരിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഇയാളിലേക്ക് എത്താനുള്ള സാധ്യതകള്‍ പോലീസിന് വളരെ വിരളമായിരുന്നു.
ഒളിവില്‍ കഴിയുന്നതിനിടെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു, ഇപ്പോള്‍ നാല് കുട്ടികളുണ്ട്. 1986 ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഓര്‍ഡനന്‍സ് കോര്‍പ്‌സ് യൂണിറ്റില്‍ ഡ്രൈവറായി ചേര്‍ന്നയാളാണ് അനില്‍ തിവാരി. എന്നാല്‍ കോടതി ശിക്ഷിച്ചപ്പോള്‍ അദ്ദേഹത്തെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.