ബംഗളൂരുവിലെ ഔദ്യോഗിക ഭാഷ ഏത്, എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ ബുദ്ധിമുട്ടിനിൽക്കുന്ന ഒരു കൂട്ടം മുംബൈക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. കന്നടയ്ക്ക് പകരം ബംഗളുരുവിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്ന് ആളുകൾ ഉത്തരം പറഞ്ഞതാണ് കന്നടക്കാരെ ചൊടിപ്പിച്ചത്.
വീഡിയോ വൈറലായതിനു പിന്നാലെ തങ്ങളുടെ ഭാഷയെ തെറ്റായി ചിത്രീകരിച്ചതിൽ നിരാശ പ്രകടിപ്പിച്ച് നിരവധി കന്നടക്കാരാണ് രംഗത്തെത്തിയത്. വൈറലായ വീഡിയോയിൽ കന്നഡ ഒഴിച്ച് ബാക്കി ഭാഷകളെല്ലാം ആളുകൾ പരാമർശിക്കുന്നതും ശ്രദ്ധേയമാണ്.
മുംബൈയിൽ നടത്തിയ വോക്സ് പോപ്പ് വീഡിയോയിലാണ് ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളുരുവിന്റെ ഔദ്യോഗിക ഭാഷയായി കന്നഡയെ തിരിച്ചറിയുന്നതിൽ ആളുകൾ പരാജയപ്പെട്ടത്. വീഡിയോയിൽ ‘ബെംഗളൂരുവിന്റെ ഔദ്യോഗിക ഭാഷ ഏതാണ്’ എന്ന് സർവേ നടത്തുന്ന ഒരാൾ വീഡിയോയിൽ ചോദിക്കുന്നു.
ഇതിനു ഉത്തരമായി ഒരു യുവതി പറഞ്ഞത് , “എനിക്ക് തോന്നുന്നു ബെംഗളൂരുവിന് ഔദ്യോഗിക ഭാഷ ഇല്ല.”എന്നാണ്. മറ്റൊരാൾ ആത്മവിശ്വാസത്തോടെ “ഹിന്ദി” എന്ന് ഉത്തരം നൽകുന്നു. “ഹിന്ദിയോ സംസ്‌കൃതമോ. രണ്ടിൽ ഏതോ ഒന്നാണെന്നു മൂന്നാമത്തെയാൾ പ്രതികരിക്കുന്നു.
ഒരു കൂട്ടം പെൺകുട്ടികൾ ഹിന്ദിയാണ് ബെംഗളൂരുവിന്റെ ഔദ്യോഗിക ഭാഷയെന്ന് സ്ഥാപിക്കുമ്പോൾ മറ്റു ചിലർ തമിഴും ഇംഗ്ലീഷും സാധ്യതയായി നിർദ്ദേശിക്കുന്നു.
ഈ വീഡിയോ ബെംഗളൂരു നിവാസികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്., കന്നഡ സ്വന്തം മണ്ണിൽ നിന്ന് തന്നെ മാഞ്ഞുപോകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത് എന്ന അവര്‍ പറയുന്നു.
“80% പേർക്കും ബംഗളൂരു എവിടെയാണെന്ന് പോലും അറിയില്ല! ഈ Gen Z കുട്ടികൾക്ക് പൊതുവിജ്ഞാനമില്ല!” ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് തന്റെ നിരാശ പങ്കുവെച്ചതിങ്ങനെ, “കന്നടക്കാർ തമിഴും തെലുങ്കും ഹിന്ദിയും പഠിച്ചത് മറ്റുള്ളവരെ ബഹുമാനിക്കാനും അവരെ ഈ നാട്ടിലേക്ക് ഉൾക്കൊള്ളാനും വേണ്ടിയാണ്. എന്നാൽ തിരിച്ചോ കന്നഡ സ്വന്തം മണ്ണിൽ ഒതുക്കപ്പെട്ടുപ്പോയി . പുറത്തുനിന്നുള്ള ന്യൂനപക്ഷക്കാർ അവരുടെ ഭാഷാ ആധിപത്യം ഇവിടെ സ്ഥാപിച്ചു, കന്നഡയെ അപമാനിച്ചു.” എന്നാണ് കുറിപ്പ്.
അതേസമയം മറ്റൊരാൾ ഹിന്ദിയുടെ പദവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ഈ പ്രശ്നത്തിന് കാരണമാകുന്നത് എന്ന് കുറിച്ചു. “ഇത് പൂർണ്ണമായും അവരുടെ തെറ്റല്ല. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന ആശയം സ്കൂളുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലരും ഇപ്പോഴും ദക്ഷിണേന്ത്യക്കാരെ മദ്രാസികൾ (തമിഴ് സംസാരിക്കുന്നവർ) അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകൾ (മലയാളികൾ) എന്നാണ് വിശേഷിപ്പിക്കുന്നത്”.
വൈറൽ വീഡിയോ ബെംഗളൂരുവിന്റെ ഭാഷാപരമായ ഐഡന്റിറ്റിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. ഏതായാലും കന്നടക്കാർ അവരുടെ ഭാഷയ്ക്ക് കൂടുതൽ അംഗീകാരവും ബഹുമാനവും ആവശ്യപ്പെട്ടുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.