Oddly News

ഇത്ര ചിരി ആവശ്യമില്ല! നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ഏകാഗ്രത കളയും; വൈറലായി റെഡ്ഇറ്റ് പോസ്റ്റ്

ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആശിച്ച് മോഹിച്ച് ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴായിരിക്കും തൊടുന്യായങ്ങള്‍ നിരത്തി തൊഴില്‍ നിഷേധിക്കപ്പെടുന്നത്. അതിന് ഒരു തെളിവാണ് അടുത്തിടെ വൈറലായ ഒരു റെഡ്ഇറ്റ് പോസ്റ്റ്.

പ്രമുഖ കമ്പനിയുടെ ഹയറിങ് മനേജറായ തന്റെ കസിന്‍ പലരുടെയും ജോലി നിഷേധിക്കുന്നിതിന്റെ കാരണങ്ങളാണ് significant- buy- 4496 എന്ന പ്രൊഫൈലില്‍നിന്നുള്ള ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ വലിയ ഞെട്ടലോടെ പങ്കിട്ടത്. കാഴ്ചയില്‍ സൗന്ദര്യം കൂടുതലാണ്. ഇത്തരത്തിലുള്ളവരെ എടുത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാര്‍ത്ഥിയുടെ ചിരി അധികമായി പോയി. ആത്മവിശ്വാസം ഇത്രയും വേണ്ട. സംസാരത്തില്‍ ഫില്ലര്‍ വാക്കുകള്‍ കൂടിപോയി. എന്നതൊക്കെയാണ് തൊടുന്യായങ്ങളെന്ന് പോസ്റ്റില്‍ പറയുന്നു. അഭിമുഖത്തിന് മുമ്പായി ഹാന്‍ഡ് ഷേക്ക് നല്‍കാതിരുന്നതിന്റെയും കൊടുത്ത ഹാന്‍ഡ് ഷേക്ക് ദുര്‍ബലമായിപ്പോയതിന്റെയും പേരില്‍ പലരും തിരഞ്ഞെടുക്കപ്പെടാതിരിക്കുന്നുണ്ടെന്നും പോസ്റ്റ് വിശദീകരിക്കുന്നു.

കൂടാതെ ചിലരുടെ വേഷം അവര്‍ക്ക് ജോലി നഷ്ടമാകുന്നതിന് കാരണമാകുന്നുണ്ട്. ശരിക്കും യോഗ്യതകളാണോ ആ സമയത്ത് അഭിമുഖകര്‍ത്താക്കള്‍ക്കു ലഭിക്കുന്ന വൈബുകളാണോ ഇവിടെ നിര്‍ണായകമാകുന്നതെന്ന് ചോദ്യവും പോസ്റ്റ് ഉന്നയിക്കുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മറ്റ് പലഘടകങ്ങളോടും വിയോജിച്ചപ്പോഴും ശരിയായി ഹാന്‍ഡ് ഷേക്ക് നല്‍കേണ്ടതിന്റെ പ്രധാന്യം പലരും ചൂണ്ടിക്കാട്ടി. അമിത ആത്മവിശ്വാസവും ചിരിയുമെല്ലാം ക്ലയന്റുമായി നേരിട്ട് ഇടപെടുന്ന ബിസിനസ് ഡവലപ്‌മെന്റ്, സെയില്‍സ്. ജോലികളില്‍ സഹായകമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.