യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനാകാന്‍ സാധിച്ച താരമായിരുന്ന നിഷാന്ത് സാഗര്‍. ജോക്കര്‍, ഫാന്റം തുടങ്ങിയ സിനിമകളിലൂടെയാണ് നിഷാന്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നിശാന്ത് എത്തി. തുടര്‍ന്ന് ഒരു ഇടവേളയും താരത്തിന്റെ ജീവിതത്തില്‍ ഉണ്ടായി. ഇപ്പോള്‍ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയില്‍ സജീവമാകുകയാണ് നിഷാന്ത് സാഗര്‍. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ലോഹിതദാസ് തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് മനസ് തുറക്കുകയാണ് നിഷാന്ത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലോഹിതദാസിനോടൊപ്പമുള്ള ഓര്‍മ്മകള്‍ നിഷാന്ത് പങ്കുവെച്ചത്.
” ജോക്കര്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ എന്റെ സീരിയസ്‌നെസ് ഇല്ലായ്മ കണ്ടിട്ട് ലോഹി സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, നീ കുറച്ചു കൂടി ഗൗരവത്തില്‍ കാണണം ക്യാരക്ടറും നിനക്ക് ഇങ്ങനെയൊരു അവസരം കിട്ടിയതുമൊക്കെയെന്ന്. നീ ചുമ്മാ ഇങ്ങനെ കറങ്ങി വട്ടം തിരിഞ്ഞ് നടക്കാതെ ലൊക്കേഷനില്‍ എവിടെയെങ്കിലുമൊക്കെ ഒതുങ്ങിയിരിയ്ക്കുക. ഈ ഒരു ക്യാരക്ടറിനെ ഉള്‍ക്കൊണ്ടിരിയ്ക്കുക. നിനക്ക് ഇപ്പോള്‍ ഒരു പക്ഷേ മനസിലാവില്ലായിരിയ്ക്കാം ഇതെന്താണ് നീ ചെയ്യുന്നതെന്ന്. ഇത് കുറേ കഴിയുമ്പോഴാണ് നിനക്ക്, അന്നേരമാണ് നിനക്ക് ബോധ്യമാകുകയുള്ളൂ…അയ്യോ ഇങ്ങനെ ഒരു പരിപാടിയാണോ ഞാന്‍ ചെയ്തതെന്നുള്ള കുറേ കഴിയുമ്പോഴായിരിക്കും മനസിലാകുക. അതുപോലെ തന്നെയായിരുന്നു അത്. ഈ പറഞ്ഞ പോലെ ജോക്കര്‍ റിലീസ് ആയപ്പോഴാണ്. പിന്നീട് നമ്മള്‍ പുറത്തേക്ക് ഇറങ്ങുകയും ഒരുപാട് അവസരങ്ങളും നമ്മളെ ഇങ്ങനെ ആഘോഷിയ്ക്കുകയും ഒക്കെ ചെയ്തപ്പോള്‍ സാര്‍ പറഞ്ഞതിന്റെ ആ ഒരു വില, അത് എന്താണ് സാര്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് അന്നാണ് മനസിലായത്.” – നിഷാന്ത് പറയുന്നു.
ജോക്കറിന്റെ ഷൂട്ടിനിടയിലെ മറ്റൊരു സംഭവവും നിഷാന്ത് തുറന്നു പറഞ്ഞു. ” ജോക്കറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാന്‍ അവിടെ തൊട്ടു മുന്‍പില്‍ ഒരു ഹിന്ദിക്കാര്‍ വില്‍ക്കുന്ന മീഠാപാന്‍ വാങ്ങി കഴിച്ച് സൈഡില്‍ കൂടി നടക്കുകയായിരുന്നു. അപ്പോള്‍ സാര്‍ ഇത് കണ്ടു. കണ്ടുവെന്നുള്ളത് പിന്നീടാണ് ഞാന്‍ അറിയുന്നത്. സാര്‍ എന്റെയടുത്ത് നിഷാന്ത് ഇങ്ങു വന്നേ എന്നു പറഞ്ഞ് എന്നെ വിളിച്ചു. എന്റെയടുത്ത് പറഞ്ഞു നമുക്ക് പല രീതിയിലും പല രീതിയിലുള്ള ലഹരി കിട്ടും. പല കാര്യങ്ങളില്‍ നിന്നും ലഹരി കിട്ടും. പക്ഷേ ഒരു കലാകാരന്റെ ലഹരി അദ്ദേഹം ചെയ്യുന്ന ഒരു കലയിലൂടെ വേണം ഒരു കലാകാരന് ലഹരി കിട്ടാന്‍. അന്നൊക്കെ എന്തുവാ ഈ സാറ് പറയുന്നെ, കാരണം എന്റെ പ്രായം അതാണ്. പിന്നീടൊക്കെയാണ് സാര്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥവും, അങ്ങനെയൊക്കെയാണ് സാര്‍ കാര്യങ്ങള്‍ പറഞ്ഞു തരുന്നത്. വളരെ രസമായിട്ട്, ഒരു കവിത പോലെ സാര്‍ പറഞ്ഞു തരും.” – നിഷാന്ത് കൂട്ടിച്ചേര്‍ത്തു.