Celebrity

മുത്തച്ഛന്റെ മടിയില്‍ ഇരുന്ന് ആദ്യാക്ഷരം കുറിച്ച് നില ബേബി ;  ചിത്രങ്ങള്‍ വൈറല്‍

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്.

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന മകള്‍ നിലയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് പേളി. രണ്ടര വയസുകാരിയായ നിലയെ മുത്തച്ഛന്‍ പോള്‍ മാണിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്. ഹരിശ്രീ കുറിക്കുന്ന നില ബേബിയും അടുത്തിരിക്കുന്ന പേളിയും ശ്രീനിഷുമാണ് ചിത്രത്തിലുള്ളത്. ഇതോടൊപ്പം പേളിയും ശ്രീനിഷും മകള്‍ക്ക് ഹരിശ്രീ കുറിയ്ക്കുന്ന ചിത്രങ്ങളും പേളി പങ്കുവെച്ചിട്ടുണ്ട്. ക്രീമും നീലയും കലര്‍ന്ന പട്ടുപാവാടയണിഞ്ഞ് സുന്ദരിയായി യാതൊരു ബഹളങ്ങളും ഇല്ലാതെ ചെറു പുഞ്ചിരിയോടെ
ആദ്യാക്ഷരം കുറിയ്ക്കുന്ന നിലയെയാണ് കാണാന്‍ സാധിയ്ക്കുന്നത്.

‘അക്ഷരം തൊട്ട് അറിവിന്റെ ആകാശത്തിലേക്ക്… അറിവിന്റെ ലോകത്തേയ്ക്ക് ആദ്യ ചുവട് വെയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയ ദശമി ആശംസകള്‍ നേരുന്നു…’, – എന്നാണ് മകളുടെ വിദ്യാരംഭ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പേളി കുറിച്ചത്. ചിത്രങ്ങള്‍ പുറത്തു വന്നതോടെ നിലുവിന് ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും കമന്റു ചെയ്തിട്ടുണ്ട്. പഠിച്ച് നല്ല കുട്ടിയായി വളരട്ടെ, നിലുമ്മ അത്രയ്ക്ക് വലുതായോ, ദൈവം അനുഗ്രഹിയ്ക്കട്ടെ തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.