ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തനിക്കും സ്‌ത്രീധനത്തിന്റെ പേരില്‍ നിക്കിയുടെ കുടുംബത്തില്‍നിന്ന് പീഡനം നേരിടേണ്ടിവന്നെന്ന് നിക്കിയുടെ സഹോദരന്‍ രോഹിത് പയ്‌ലയുടെ ഭാര്യ മീനാക്ഷി(31) വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്‌ചയാണ് നിക്കിയെ ഭര്‍ത്താവ് വിപിന്‍ ഭാട്ടിയും മാതാവും ചേര്‍ന്ന് മര്‍ദിച്ചശേഷം തീകൊളുത്തി കൊന്നത്. ഗുരുതരമായി പരുക്കേറ്റ നിക്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിപിന്റെ കുടുംബം കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചെന്നാണ് നിക്കിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍, ഇപ്പോള്‍ സ്‌ത്രീധനത്തിന്റെ പേരില്‍ മരണത്തിനിരയായ യുവതിയും കുടുംബവും ചേര്‍ന്ന് തന്നെയും പീഡിപ്പിച്ചെന്നാണ് മീനാക്ഷിയുടെ ആരോപണം.
നിക്കിയുടെ സഹോദരന്‍ രോഹിത്തും മീനാക്ഷിയും 2016-ലാണ് വിവാഹിതരായത്. വിവാഹസമയത്ത് തന്റെ കുടുംബം മാരുതി സിയാസ് കാര്‍ സ്‌ത്രീധനമായി നല്‍കിയെങ്കിലും ഭര്‍തൃവീട്ടുകാര്‍ അതു വിറ്റു. പുതിയ മോഡല്‍ എസ്.യു.വിയും കൂടുതല്‍ പണവും ആവശ്യപ്പെട്ടാണ് രോഹിത്തിന്റെ കുടുംബം ഉപദ്രവിച്ചതെന്ന് മീനാക്ഷിയുടെ കുടുംബം പറഞ്ഞു. ഇതു നല്‍കാനാകില്ലെന്നു പറഞ്ഞപ്പോള്‍ മകളെ തങ്ങളുടെ വീട്ടിലേക്കു തിരിച്ചയച്ചെന്നും മീനാക്ഷിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
വിഷയം ഗ്രാമ പഞ്ചായത്തിന്റെ പരിഗണനയില്‍ വന്നെങ്കിലും മീനാക്ഷിക്കും കുടുംബത്തിനും അനുകൂലമായാണ് വിധിയുണ്ടായത്. വിവാഹത്തിനു ചെലവായ 35 ലക്ഷം രൂപ മീനാക്ഷിയുടെ കുടുംബത്തിനു ഭര്‍തൃവീട്ടുകാര്‍ തിരിച്ചുനല്‍കണമെന്നും അവളെ പുനര്‍വിവാഹത്തിന് അനുവദിക്കണമെന്നുമായിരുന്നു പഞ്ചായത്തിന്റെ നിര്‍ദേശം. എന്നാല്‍, നിക്കിയുടെ പിതാവ് ഭിഖാരി സിങ് പയ്‌ലയും കുടുംബവും ഈ നിര്‍ദേശം അംഗീകരിച്ചില്ലെന്നും തന്നെ ഭര്‍തൃവീട്ടിലേക്കു തിരികെ പ്രവേശിപ്പിച്ചില്ലെന്നും മീനാക്ഷി പറഞ്ഞു.
അതേസമയം, മീനാക്ഷിയുടെ ആരോപണങ്ങള്‍ ഗ്രേറ്റര്‍ നോയിഡ അഡീഷണല്‍ ഡപ്യൂട്ടി കമ്മിഷണര്‍ സുധീര്‍ കുമാര്‍ തള്ളി. മീനാക്ഷി പറയുന്ന കേസിനെപ്പറ്റി അറിയില്ലെന്നും കേസ് നമ്പര്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




