Featured Oddly News

മിസെല്‍വര്‍ഷത്തിനിടെ ഭൂഗർഭബങ്കറിൽ നൃത്തംചെയ്യുന്ന ജെറുസലേം നവദമ്പതികൾ: വീഡിയോ വൈറൽ

ഇസ്രായേലിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നിരവധി ജീവൻ എടുത്ത ഈ അപ്രതീക്ഷിത ആക്രമണത്തിൽ പലരും സ്തബ്ധരായി. എന്നാൽ ഇതിനിടയിലും ധൈര്യം കൈവിടാതെ ചിലർ ജീവിതത്തിന്റെ മനോഹര നിമിഷങ്ങളെ ആഘോഷമാക്കിയെന്ന് തെളിയിക്കുകയാണ് ഇസ്രായേലിൽ നിന്ന് പുറത്തുവരുന്ന ഒരു ഹൃദയ സ്പർശിയായ വീഡിയോ.

ഇസ്രയേലിനു നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ നൃത്തം ഒരു ഭൂഗർഭ ബങ്കറിൽ പങ്കിടുന്ന ജെറുസലേം നവദമ്പതികളുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിമാറി.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇറാൻ ഇസ്രായേലിലേക്ക് 200 ഓളം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്. ഇതിനു പിന്നാലെയാണ് നവദമ്പതികൾ ഭൂഗർഭ ബങ്കറിൽ അഭയം തേടാൻ നിർബന്ധിതരായത്. അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇടുങ്ങിയ വെളിച്ചംകുറഞ്ഞ ബങ്കറിനുള്ളിൽ അതിഥികൾക്കൊപ്പം നൃത്തം ചെയ്തുകൊണ്ട് ദമ്പതികൾ അവരുടെ വിവാഹം ആഘോഷിച്ചു.

Saul Sadka എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ഈ ജറുസലേം വിവാഹത്തിലെ സന്തോഷം ഒരു നിമിഷം പോലും നിർത്താൻ ഇറാന് കഴിഞ്ഞില്ല” എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. വിവാഹ വസ്ത്രം ധരിച്ച ദമ്പതികൾ, ആക്രമണത്തിനിടയിലും തളരാതെ നൃത്തം ചെയ്യുകയും പരസ്പരം കണ്ണുകളിലേക്ക് നോക്കി ആ നിമിഷം ആസ്വാദ്യകരമാക്കുകയും ചെയ്യുന്നതാണ് കാണുന്നത്.

പ്രാദേശിക സമയം 19:30 ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) രാജ്യത്തുടനീളം എയർ സൈറൺ മുഴക്കി, ആക്രമണത്തെക്കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂഗർഭ ഷെൽട്ടറുകളിൽ അഭയം തേടാൻ താമസക്കാരോട് അഭ്യർത്ഥിച്ചു, ഇതിനെ തുടർന്നാണ് ദമ്പതികളും അവരുടെ അതിഥികളും അവരുടെ ആഘോഷം ഈ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത്.

വൈറലായ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. ഒരു ഉപയോക്താവ് എഴുതി, “അവർ ഈ നിമിഷം എന്നെന്നേക്കുമായി ഓർക്കും”, മറ്റൊരാൾ അഭിപ്രായപ്പെട്ടു, “സുന്ദര ദമ്പതികൾക്ക് മസൽ ടോവ്!” മൂന്നാമൻ പറഞ്ഞു, “അവർക്ക് ഒരുപാട് സന്തോഷകരമായ വർഷങ്ങൾ ഉണ്ടാകട്ടെ”, നാലാമൻ കൂട്ടിച്ചേർത്തു, “ഈ കുഴപ്പങ്ങളിൽ നിന്ന് ഒരു നല്ല കഥ പുറത്തുവരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. നമ്മുടെ കാഴ്ചപ്പാടും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിന് നാമെല്ലാവരും ഇതുപോലുള്ള കഥകൾ മുറുകെ പിടിക്കേണ്ടതുണ്ട്.

ആക്രമണം നടന്ന രാത്രിയിൽ, ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളിലൂടെ 200 ഓളം മിസൈലുകൾ തടഞ്ഞിരുന്നു. ഈ വർഷം ഇസ്രയേലിനു നേരെ ഇറാൻ നടത്തുന്ന രണ്ടാമത്തെ മിസൈൽ ആക്രമണമാണിത്. ഇതിന് മറുപടിയായി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി: “ഇറാൻ ഇന്ന് രാത്രി ഒരു വലിയ തെറ്റ് ചെയ്തു, അതിന് പ്രതിഫലം നൽകും. സ്വയം പ്രതിരോധിക്കാനും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുമുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ഇറാനിലെ ഭരണകൂടം മനസ്സിലാക്കുന്നില്ല.”എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *