Health

ഒന്നര പെഗ് ‘അടി’ നിര്‍ത്തിക്കോ; മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ്യത കൂട്ടും, വൈന്‍ കുഴപ്പമില്ലത്രേ !

ഒരു ഒന്നര പെഗ്ഗുവരെ കഴിച്ചാല്‍ കു​ഴമില്ല എന്നുള്ളതായിരുന്നു ഇതുവരെ സ്ഥിരം മദ്യപാനികളെ ആശ്വസിപ്പിച്ചിരുന്ന കാര്യം. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ഇതിനായി 25 ലക്ഷം മുതിര്‍ന്നവരുടെ ഡേറ്റ ശേഖരിക്കുകയും 10,000ലധികം പാന്‍ക്രിയാറ്റിക് അര്‍ബുദ കേസുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്തു. പ്രതിദിനം ഒരു പെഗ് മദ്യം അകത്ത് ചെന്നാല്‍ പോലും പുരുഷന്മാരിലും സ്ത്രീകളിലും പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത വര്‍ധിക്കുമെന്ന് പ്ലോസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബിയറിന്റെ ഓരോ അധിക 10 ഗ്രാമും പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത രണ്ട് ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ സ്പിരിറ്റിന്റെ കാര്യത്തില്‍ ഇത് നാല് ശതമാനമാണ്. അതേ സമയം വൈന്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിദിനം 15 മുതല്‍ 30 ഗ്രാം വരെ മദ്യം കഴിക്കുന്നത് സ്ത്രീകളുടെ പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത 12 ശതമാനം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

30 മുതല്‍ 60 ഗ്രാം വരെ മദ്യം പ്രതിദിനം അകത്താക്കുന്ന പുരുഷന്മാരില്‍ അര്‍ബുദസാധ്യത 15 ശതമാനം ഉയരും. അതേ സമയം 60 ഗ്രാമില്‍ അധികം കുടിക്കുന്ന പുരുഷന്മാര്‍ക്ക് പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത 36 ശതമാനം ഉയരുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.