Health

പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റം; പരീക്ഷണം എലികളില്‍ വിജയം, പാര്‍ശ്വഫലങ്ങളില്ല

ലണ്ടന്‍: പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലുമായി സ്‌പാനിഷ്‌ ശാസ്‌ത്രജ്‌ഞര്‍. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളില്ലാതെ എലികള്‍ രോഗമുക്‌തി നേടി. ഇതു സംബന്ധിച്ച പഠനം നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌ (പി.എന്‍.എ.എസ്‌.) ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
കാന്‍സര്‍ ട്യൂമറുകളെ പരാജയപ്പെടുത്താന്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ സാധിച്ചത്‌ മൂന്നുതരം സംയോജിത ചികിത്സയിലൂടെയാണ്‌. ഈ ചികിത്സരീതി, സാധാരണയായി കണ്ടുവരുന്ന ചികിത്സാ പ്രതിരോധത്തെയും മറികടക്കുന്നു. നിലവില്‍, പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകള്‍ക്ക്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫലപ്രാപ്‌തി നഷ്‌ടപ്പെടുന്നു, കാരണം ട്യൂമറുകള്‍ മരുന്നിനോട്‌ പ്രതിരോധം നേടുന്നു.
പുതിയ ചികിത്സാ രീതി പാന്‍ക്രിയാറ്റിക്‌ കാന്‍സര്‍ ബാധിച്ച രോഗികളുടെ അതിജീവന നിരക്ക്‌ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നു ഗവേഷകര്‍ വ്യക്‌തമാക്കി.
സ്‌പാനിഷ്‌ നാഷണല്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിലെ (സി.എന്‍.ഐ.ഒ.) പരീക്ഷണാത്‌മക ഓങ്കോളജി ഗ്രൂപ്പിന്റെ തലവനായ മരിയാനോ ബാര്‍ബാസിഡിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ശ്വാസകോശ കാന്‍സര്‍ ചികിത്സയ്‌ക്ക്‌ ഇതിനോടകം അംഗീകാരം ലഭിച്ച ഒരു പരീക്ഷണാത്‌മക മരുന്നിനെ നവീകരിക്കുകയാണു ശാസ്‌ത്രജ്‌ഞര്‍ ചെയ്‌തത്‌. അത്‌ മൂന്നു വ്യത്യസ്‌ത മൃഗമാതൃകകളില്‍ കാര്യമായ പാര്‍ശ്വഫലങ്ങളില്ലാതെ ട്യൂമറുകള്‍ അപ്രത്യക്ഷമാകുന്നതിന്‌ കാരണമായി.
കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഇത്‌ ഒരു നാഴികക്കല്ലാണെങ്കിലും പഠനത്തിന്റെ രചയിതാക്കള്‍ ജാഗ്രതയോടെയാണ്‌ പ്രതികരിച്ചത്‌. മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്‌തമാക്കി.