Oddly News

വരച്ചതെല്ലാംസത്യമാകുന്നു ; ഒരു കോമിക് പുസ്തകത്തെ ജപ്പാന്‍ എന്തിനാണ് ഇത്ര ഭയപ്പെടുന്നത് ?

നാട്ടിലെ ഒരു മികച്ച ചിത്രകാരി വരച്ച കോമിക് പുസ്തകം ജപ്പാനില്‍ വ്യാപകമായി ഭീതി വിതയ്ക്കുന്നു. ജാപ്പനീസ് മാങ്ങാ ആര്‍ട്ടിസ്റ്റായ റിയോ ടാറ്റ്‌സുകി എന്ന യുവതി 2021 ല്‍ വരച്ചിട്ടിട്ടുള്ള ‘കോമിക് ദി ഫ്യൂച്ചര്‍ ഐ സോ’ എന്ന കോമിക്‌സാണ് ജപ്പാനിലും പുറത്തുള്ള ജപ്പാന്‍കാര്‍ക്കും വ്യാപകമായ ആശങ്കയുണ്ടാക്കുന്നത്. പുസ്തകത്തില്‍ 2025 ജൂലൈ 5 ന് ജപ്പാനില്‍ ഒരു ദുരന്തം സംഭവിക്കുമെന്ന സൂചനയാണ് ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുന്നത്. ഏതു തരം ദുരന്തമാണെന്ന് പക്ഷേ കൃത്യമായി പറഞ്ഞിട്ടുമില്ല.

വരാനിരിക്കുന്ന സംഭവങ്ങളെ കൃത്യമായി പ്രവചിച്ചിട്ടുള്ള ലോകപ്രശസ്ത ബള്‍ഗേറിയന്‍ പ്രവാചകയായ ബാബ വംഗയുടെ നാമമാണ് റിയോയ്ക്ക് ജപ്പാന്‍കാര്‍ ചെല്ലപ്പേരായി നല്‍കിയിരിക്കുന്നത്. ജാപ്പനീസ് ബാബ വെംഗ എന്നറിയപ്പെടുന്ന റിയോ ടാറ്റ്‌സുകി 2025 ജൂലൈ 5 ന് ജപ്പാനില്‍ ഒരു ദുരന്തം സംഭവിക്കുമെന്ന് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ആ തീയതി അടുത്തു വരുമ്പോള്‍ പരിഭ്രാന്തരാകുകയാണ് ആളുകള്‍. സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം കിട്ടുന്നതോടെ പലരും വിദേശത്തേക്കുള്ള യാത്രാ പദ്ധതികളും മറ്റും ഒഴിവാക്കുകയാണ്.

റിയോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പതിപ്പായി ‘കോമിക് ദി ഫ്യൂച്ചര്‍ ഐ സോയുടെ 2021 പതിപ്പ്’ മാറുകയും ചെയ്തിട്ടുണ്ട്. ജപ്പാനില്‍ ഇത് കാര്യമായ പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്. ഭീതി കൂടിയതോടെ ഹോങ്കോങ്ങില്‍ നിന്നുള്ള വിമാനങ്ങളിലും ഹോട്ടല്‍ ബുക്കിംഗുകളും 50 ശതമാനം കുറഞ്ഞു. ചൈന, തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള ബുക്കിംഗുകള്‍ 83 ശതമാനം കുറഞ്ഞു. സഞ്ചാരികള്‍ ഒന്നുകില്‍ അവരുടെ സന്ദര്‍ശനങ്ങള്‍ മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും റദ്ദാക്കുകയോ ചെയ്യുന്നു.

പാന്‍ഡെമിക് യുഗത്തില്‍ നിന്ന് ഇപ്പോഴും കരകയറുന്ന ജപ്പാന്റെ ടൂറിസം വ്യവസായത്തിന് ഇത് ഗുരുതരമായ പ്രഹരമാണ്. ഇതൊക്കെ വെറും കെട്ടുകഥയാണെന്ന് ജപ്പാന്‍ അധികൃതര്‍ ആവര്‍ത്തിച്ച് ആണയിടുമ്പോഴും നെറ്റിസണ്‍മാര്‍ അതൊന്നും കേള്‍ക്കുന്നില്ല. റിയോ ടാറ്റ്‌സുകി നടത്തിയ ചില പ്രവചനങ്ങള്‍ സത്യമായതായിട്ടാണ് ആളുകള്‍ വിശ്വസിക്കുന്നത്. അവളുടെ പ്രവചനങ്ങളില്‍ 2011 മാര്‍ച്ചിലെ തോഹോകു ഭൂകമ്പവും സുനാമിയും, ഡയാന രാജകുമാരിയുടെ മരണം, ഫ്രെഡി മെര്‍ക്കുറിയുടെ മരണം, ഇഛഢകഉ19 പാന്‍ഡെമിക് എന്നിവ ഉള്‍പ്പെടുന്നു.

2025 ജൂലൈ 5-ന് ജപ്പാനെ ഒരു ദുരന്തം ബാധിക്കുമെന്ന് അവര്‍ 2021-ല്‍ പ്രസിദ്ധീകരിച്ച അവളുടെ മാംഗയില്‍ പ്രവചിച്ചു. ദുരന്തത്തിന്റെ സ്വഭാവം വ്യക്തമാക്കിയിട്ടില്ല. ഇതോടെ ജൂലൈ 5 ലേക്കുള്ള ദുരന്തത്തിനെകുറിച്ചുള്ള ഊഹാപോഹങ്ങളും ശക്തമായിട്ടുണ്ട്. ഭൂകമ്പങ്ങള്‍, സുനാമികള്‍, അല്ലെങ്കില്‍ സൈബര്‍ ആക്രമണങ്ങള്‍ എന്നിങ്ങിനെ എന്തുമാകാമെന്നുള്ള പോസ്റ്റുകള്‍ ഉയരുന്നുണ്ട്.