വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ ദമ്പതികൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിനിടയിലെ തൻ്റെ അനുഭവങ്ങൾ പതിവായി രേഖപ്പെടുത്തുന്ന ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയും ഭർത്താവും തങ്ങളുടെ നാലാമത്തെ കുട്ടിയായ രണ്ട് വയസ്സുള്ള നിഷയെ ദത്തെടുക്കുകയും ഔദ്യോഗികമായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റയും ദൃശ്യങ്ങളായിരുന്നു ഇത്.
2024 സെപ്റ്റംബറിൽ വികലാംഗയായ നിഷ എന്ന കുട്ടിയുമായി തങ്ങൾ ആദ്യമായി ബന്ധപ്പെട്ടതായി ഫിഷർ പങ്കുവെച്ചു. എന്നാൽ , ദത്തെടുക്കൽ പ്രക്രിയ നീണ്ടുപോയെന്നും ഒടുവിൽ അവളെ വീട്ടിലേക്ക് കൊണ്ടുവരാൻ കുറച്ച് മാസങ്ങൾ എടുത്തു എന്നും ഫിഷർ വ്യക്തമാക്കി. ” ബിഗ് ന്യൂസ്, ഞങ്ങൾ ഈ ചെറിയ രഹസ്യം കുറച്ചുകാലമായി സൂക്ഷിക്കുന്നു,” ഫിഷർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
“ഞങ്ങൾ 17 മാസം മുമ്പാണ് ഈ ദത്തെടുക്കൽ പ്രക്രിയ ആരംഭിച്ചത് അങ്ങനെ ഇത്രയും കാലം കാത്തിരുന്ന ദിവസം ഒടുവിൽ വന്നെത്തി! 2023 ഒക്ടോബറിൽ ദത്തെടുക്കലിനായി ഞങ്ങൾ അപേക്ഷിച്ചു, 2024 സെപ്റ്റംബറിൽ അവളുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ, 2025 ഏപ്രിലിൽ, ദത്തെടുക്കൽ പൂർത്തിയായി, ഇവളാണ് ഞങ്ങളുടെ സുന്ദരിയായ മകൾ !” ഫിഷർ കൂട്ടിച്ചേർത്തു.
എന്നാൽ , കുട്ടിയുടെ വീഡിയോ ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. “കുട്ടി പേടിച്ചിരിക്കുന്നതായിട്ടാണ് തോന്നുന്നത്, കുറച്ചുനാൾ കഴിഞ്ഞ് അവളുടെ പോസ്റ്റ് പങ്കുവെച്ചാൽ മതിയായിരുന്നു. പുതിയ കണ്ടെന്റിന് വേണ്ടിയാണ് നിങ്ങൾ ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. നിങ്ങളുടെ സ്റ്റോറി മറ്റുള്ളവർ പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ അവളുടെ മുഖം ഇൻ്റർനെറ്റിൽ പോസ്റ്റ് ചെയ്തത് ശ രിയായില്ല” ഒരു ഉപയോക്താവ് എഴുതി.
“കുട്ടികളെ ഇൻ്റർനെറ്റിൽ ഇങ്ങനെ പ്രദർശിപ്പിക്കുന്നത് നിർത്തുക,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. “നിങ്ങൾ എന്തിനാണ് അവളെ സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നത്? അവൾ ഒരു ‘വസ്തു’ അല്ല. ദയവായി അവളുടെ സ്വകാര്യതയെ ബഹുമാനിക്കുക,” മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു. മറ്റൊരു വീഡിയോയിൽ, ഫിഷർ കുഞ്ഞു നിഷയുടെ യാത്രയുടെ വൈകാരിക ദൃശ്യങ്ങൾ പങ്കുവെച്ചു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ഉപേക്ഷിക്കപ്പെട്ട നിഷ തൻ്റെ ജീവിതത്തിൻ്റെ ആദ്യ രണ്ട് വർഷം ഒരു അനാഥാലയത്തിലാണ് കഴിഞ്ഞതെന്ന് ഫിഷർ പോസ്റ്റിൽ വെളിപ്പെടുത്തി. നിഷയുടെ താഴത്തെ രണ്ട് കൈകാലുകളിലും വൈകല്യങ്ങളോടെയാണ് ജനിച്ചതെന്നും അവർ പങ്കുവെച്ചു.
“ഞങ്ങൾ പല കാരണങ്ങളാൽ ഒരു പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. പക്ഷേ, പ്രധാനമായും, ഒരിക്കലും ലഭിക്കാത്ത ഒരു കുട്ടിക്ക് ഒരു പുതിയ ജീവിതം നൽകാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. നിഷ ജനിച്ചത് ഉഭയകക്ഷി വൈകല്യങ്ങളോടെയാണ്. എന്നാൽ അതൊന്നുമല്ല അവളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത്. അവളുടെ പുഞ്ചിരി, സന്തോഷം, ബുദ്ധി , അവളുടെ ആഹ്ലാദകരമായ സാന്നിധ്യമാണ് അവളെ നിർവചിക്കുന്നത്. ഇതുവരെ അവൾ സംബന്ധിച്ച് ഈ ലോകം അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ,” ഫിഷർ പങ്കുവെച്ചു.