Crime Sports

സ്പിന്നര്‍ ലാമിച്ചനെ സൂപ്പര്‍താരത്തില്‍ നിന്നും സൂപ്പര്‍ വില്ലനിലേക്ക് ; കാത്തിരിക്കുന്നത് 10 വര്‍ഷം തടവുശിക്ഷ വരെ

കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ താരത്തെ കാത്തിരിക്കുന്നത് പത്തു വര്‍ഷം വരെ കിട്ടാവുന്ന തടവുശിക്ഷ. 2024 ജനുവരി 10 ന് കേസില്‍ കാഠ്മണ്ഡുവിലെ കോടതി ശിക്ഷ വിധിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരെ ഉള്‍പ്പെട്ടിട്ടുള്ള സന്ദീപ് ലാമിച്ചനെ നേപ്പാളിന്റെ ക്രിക്കറ്റ്മുഖമായിരുന്നു.

നേപ്പാള്‍ ക്രിക്കറ്റിലെ സൂപ്പര്‍താരത്തില്‍ നിന്നുമാണ് ലാമിച്ചനെ സൂപ്പര്‍ വില്ലനിലേക്ക് വീണിരിക്കുന്നത്. പ്രമുഖ ട്വന്റി 20 ലീഗുകളില്‍ പങ്കെടുക്കുന്ന തന്റെ രാജ്യത്ത് നിന്നുള്ള ഏക കളിക്കാരനെന്ന നിലയില്‍ പ്രാധാന്യം നേടിയെങ്കിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ താരത്തെ നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ലാമിച്ചനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം കോടതിവിധി ലാമിച്ചാനെയുടെ പ്രശസ്തിക്കും കരിയറിനും കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്.

അഭിഭാഷക സബിത ഭണ്ഡാരി ബരാലിന്റെ നേതൃത്വത്തിലുള്ള ലാമിച്ചനെയുടെ അഭിഭാഷക സംഘം വിധിയില്‍ നിരാശ പ്രകടിപ്പിച്ചു. തീരുമാനത്തിനെതിരെ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ്. ഇത്തരം സംഭവങ്ങള്‍ കായിക ലോകത്ത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പൊതു വ്യക്തികള്‍ എന്ന നിലയിലുള്ള കായികതാരങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.