
കുഞ്ഞുങ്ങളെ കാണുമ്പോള്‍ തോന്നുന്ന അമിതമായ സ്‌നേഹം (Cute aggression) കാരണം അവരെ ഉമ്മ വെക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്രിയപ്പെട്ടവരുടെ കുഞ്ഞുങ്ങളെ മുഖത്തോ ചുണ്ടിലോ ഉമ്മ വെക്കുന്നത് നിരുപദ്രവകരമായ ഒന്നായി തോന്നാമെങ്കിലും, അത് കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന അണുബാധകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
15 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍ സെര്‍മെദ് മെഷര്‍ (Dr. Sermed Mezher) ആണ് ഈ വിഷയത്തില്‍ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയത്.
ഡോക്ടര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, ഒരു സാധാരണ ‘കോള്‍ഡ് സോര്‍’ (Cold sore – ചുണ്ടിലെ നീര്‍ കുമിള) എങ്ങനെ ഒരു കുഞ്ഞിലേക്ക് മാരകമായ വൈറസിനെ എത്തിക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
എന്താണ് കോള്‍ഡ് സോറുകള്‍?
ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് ടൈപ്പ് 1 (HSV-1) മൂലമാണ് ഇവ ഉണ്ടാകുന്നത്. ഇത് വളരെ വേഗത്തില്‍ പടരുന്ന ഒരു വൈറസാണ്. ഒരിക്കല്‍ ബാധിച്ചാല്‍ ഈ വൈറസ് പൂര്‍ണ്ണമായും ശരീരത്തില്‍ നിന്ന് മാറില്ല. ഇവ നട്ടെല്ലിലെ നാഡീവ്യവസ്ഥയില്‍ (Dorsal root ganglion) സുഷുപ്താവസ്ഥയില്‍ ഇരിക്കുകയും ശരീരം തളരുമ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ഏറ്റവും അപകടകരമായ കാര്യം ‘അസിംപ്‌റ്റോമാറ്റിക് ഷെഡിംഗ്’ (Asymptomatic shedding) ആണ്. അതായത്, പുറമെ കുമിളകളോ ലക്ഷണങ്ങളോ ഇല്ലാത്ത സമയത്ത് പോലും നിങ്ങളുടെ ഉമിനീരിലൂടെയോ ചര്‍മ്മത്തിലൂടെയോ ഈ വൈറസ് മറ്റൊരാളിലേക്ക് പടരാം. അതിനാല്‍ കുമിളകള്‍ ഇല്ല എന്നത് കുഞ്ഞിനെ ഉമ്മ വെക്കാന്‍ സുരക്ഷിതമാണെന്നതിന് തെളിവല്ല.
കുഞ്ഞുങ്ങള്‍ കൂടുതല്‍ അപകടത്തിലാകുന്നത് എന്തുകൊണ്ട്?
മുതിര്‍ന്നവരില്‍ ഈ വൈറസ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ലെങ്കിലും, പ്രതിരോധശേഷി കുറഞ്ഞ നവജാതശിശുക്കളില്‍ ഇത് മാരകമായേക്കാം. കുഞ്ഞുങ്ങളുടെ പ്രതിരോധ സംവിധാനത്തിന് ഈ വൈറസിനെ തടയാന്‍ കഴിയില്ല. ഇത് അവരുടെ മസ്തിഷ്‌കത്തെയോ ആന്തരിക അവയവങ്ങളെയോ ബാധിക്കാം. വൈറസ് ബാധ മൂലം ‘വൈറല്‍ മെനിഞ്ചൈറ്റിസ്’ അല്ലെങ്കില്‍ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥ (Organ failure) ഉണ്ടാകാം. ഇത് മരണത്തിന് വരെ കാരണമായേക്കാം.
ഡോക്ടറുടെ നിര്‍ദ്ദേശം
ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഈ വൈറസിന്റെ വാഹകരാണ്. അതിനാല്‍ ഡോക്ടര്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഇവയാണ്:
മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ ഉമ്മ വെക്കാതിരിക്കുക : പ്രത്യേകിച്ച് അവരുടെ മുഖത്തോ കൈകളിലോ.
സാധനങ്ങള്‍ പങ്കുവെക്കരുത് : ഭക്ഷണം കഴിക്കുന്ന പാത്രങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ കുഞ്ഞുങ്ങളുമായി പങ്കുവെക്കരുത്.
സ്‌നേഹം പ്രകടിപ്പിക്കാന്‍ മറ്റ് വഴികള്‍ : ‘ചുണ്ടുകള്‍ ഉപയോഗിക്കാതെ തന്നെ നമുക്ക് സ്‌നേഹം പ്രകടിപ്പിക്കാം’ എന്ന് ഡോക്ടര്‍ പറയുന്നു. കുഞ്ഞുങ്ങളെ ഉമ്മ വെക്കാത്ത രീതി ഒരു സാധാരണ ശീലമായി നമ്മള്‍ മാറ്റിയെടുക്കണം.



