എല്ലാ വീടുകളിലും കാണുന്ന ഒരു സാധാരണ ഉപകരണമാണ് നെയിൽ കട്ടര്‍. നഖങ്ങൾ മുറിക്കുക, വൃത്തിയാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉപയോഗം. പക്ഷേ, മിക്ക നെയിൽ കട്ടറുകളും ശ്രദ്ധിച്ചുനോക്കിയാൽ അതില്‍ രണ്ട് ചെറിയ കത്തികൾ പോലെയുള്ള ഭാഗങ്ങൾ കൂടി കാണാം. പലരും ഇത് വെറുതെ ഭംഗിക്ക് വെച്ചിരിക്കുന്നതാണെന്നും, പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാത്തതാണെന്നും കരുതാറുണ്ട്. ചില ആളുകൾ ഇത് ഉപയോഗിക്കാറേയില്ല, മറ്റു ചിലർ ആകട്ടെ ഇത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു.
നെയിൽ കട്ടറിലെ ഈ രണ്ട് ചെറിയ കത്തികര്‍ക്കും വ്യക്തമായ ഉപയോഗങ്ങളുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ചെറിയ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഇവ സഹായിക്കും.
നെയിൽ കട്ടറിലെ ആദ്യത്തെ ചെറിയ, വളഞ്ഞ, കൂർത്ത ബ്ലേഡ് നഖങ്ങൾക്കിടയിലെ അഴുക്ക് വൃത്തിയാക്കാൻ വേണ്ടിയുള്ളതാണ്. സാധാരണയായി പൊടിയും അഴുക്കും കൈകളിൽ മാത്രമല്ല, നഖങ്ങൾക്കടിയിലും അടിഞ്ഞുകൂടാറുണ്ട്. ഇത് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഈ ചെറിയ കത്തി അഴുക്ക് വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. ശ്രദ്ധയോടെ ഉപയോഗിച്ചാൽ, നഖങ്ങൾ പൂർണ്ണമായും വൃത്തിയായും ആരോഗ്യമുള്ളതായും നിലനിർത്താൻ ഇത് സഹായിക്കും.
നെയിൽ കട്ടറിലെ രണ്ടാമത്തെ ഉപകരണം ശ്രദ്ധിച്ചുനോക്കിയാൽ ഇതിന് ഒരു പ്രത്യേക രൂപകൽപ്പനയാണുള്ളത്. സീല്‍ ചെയ്ത് അടച്ച കുപ്പികളുടേയും കാനുകളുടേയും അടപ്പ് തുറക്കാൻ സഹായിക്കുന്ന ഒരു ചെറിയ ഉപകരണമാണിത്. ഇതിന്റെ വളഞ്ഞ രൂപകൽപ്പന കാരണം അടപ്പിൽ പിടിച്ച് ഉയര്‍ത്തിയാല്‍ എളുപ്പത്തിൽ തുറക്കാൻ ഇത് സഹായിക്കും.
ഈ രണ്ട് ചെറിയ കത്തികളും നൂൽ മുറിക്കാനും ചെറിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഉപയോഗിക്കാം. എന്നിരുന്നാലും, ഇവ വളരെ ശ്രദ്ധയോടെ ഉപയോഗിക്കണം. കുട്ടികളുടെ കൈയെത്താത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയും വേണം. നെയിൽ കട്ടറിന്റെ അടിഭാഗം ഒരു പരുക്കൻ പ്രതലമാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. നഖങ്ങൾ മുറിച്ച ശേഷം അവ മിനുസപ്പെടുത്താനും ഷേപ്പ് ചെയ്യാനും ഈ ഭാഗം ഉപയോഗിക്കാം.




