ലോകം ഞെട്ടിയ അമേരിക്കയിലെ 9/11 ആക്രമണം നടന്ന് 24 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ആ ദുരന്തം ഇന്നും ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ നടുക്കം സൃഷ്ടിക്കുന്നു. രാവിലെ 8:46-ന് ആളുകള്‍ ഓഫീസുകളിലേക്ക് തിരക്കിട്ട് പോവുന്ന സമയത്താണ് വേള്‍ഡ് ട്രേഡ് സെന്ററി ന്റെ നോര്‍ത്ത് ടവറില്‍ ഒരു വലിയ സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കുന്നത്. പിന്നാലെ തീയും കറുത്ത പുകയും പുറത്തേക്ക് വരുന്നത് കണ്ടു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 11 ആയിരുന്നു ടവറില്‍ ഇടിച്ചത്.
ഈ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ആളുകള്‍ മുക്തരാകും മുന്‍പ്, രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 175 വേള്‍ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറില്‍ ഇടിച്ചിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇരട്ട ടവറുകള്‍ നിലംപതിച്ചു, ഏകദേശം 3,000-ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടപ്പോള്‍, പലരുടെയും വിവരങ്ങള്‍ കണ്ടെത്താനാകാതെ അവരെക്കുറിച്ച് ഒരു തുമ്പുമില്ലാതെ ആളുകള്‍ ആശങ്കയിലായി. അങ്ങനെ കാണാതായ ഒരാളായിരുന്നു യുവ ഇന്ത്യന്‍-അമേരിക്കന്‍ ഡോക്ടറായ മലയാളി വേരുകളുള്ള സ്‌നേഹ ആന്‍ ഫിലിപ്പ്. 2001 സെപ്റ്റംബര്‍ 10-നാണ് സ്‌നേഹയെ അവസാനമായി കണ്ടത്. അതിനുശേഷം അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ആക്രമണത്തിന്റെ തലേദിവസം മുതല്‍ അവരെ കാണാതായിരുന്നു. ബാറ്ററി പാര്‍ക്ക് സിറ്റിയില്‍ താമസിച്ചിരുന്ന, ഇന്റേണല്‍ മെഡിസിന്‍ രണ്ടാം വര്‍ഷ റെസിഡന്റ് ഡോക്ടറായ സ്‌നേഹ ആന്‍ ഫിലിപ്പ് കേരളത്തിലാണ് ജനിച്ചത്. പിന്നീട് മാതാപിതാക്കളോടൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറി. പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഷിക്കാഗോ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അവര്‍ വൈദ്യശാസ്ത്രം പഠിച്ചു. അവിടെവെച്ചാണ് തന്റെ ജീവിത പങ്കാളിയായ റോണ്‍ ലീബര്‍മാനെ കണ്ടുമുട്ടുന്നതും, പ്രണയത്തിലാകുന്നതും. ബിരുദ പഠനം പൂര്‍ത്തിയായതിന് ശേഷം സ്‌നേഹയ്ക്കും റോണിനും ഇന്റേണ്‍ഷിപ്പ് ലഭിച്ചു. 2000-ല്‍ ഇവര്‍ വിവാഹിതരായി.
ആക്രമണത്തിന് ഒരു ദിവസം മുന്‍പ്, അതായത് 2001 സെപ്റ്റംബര്‍ 10-ന്, സ്‌നേഹയും റോണും ഒരു ചെറിയ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കോടതി ഹിയറിംഗില്‍ പങ്കെടുത്തു. ഹിയറിംഗിന് ശേഷം റോണ്‍ ജോലിക്ക് പോവുകയും സ്‌നേഹ വീട്ടില്‍ തങ്ങുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഒരു കസിന്‍ അത്താഴത്തിന് വരാനിരിക്കുന്നതിനാല്‍ വീട് വൃത്തിയാക്കാന്‍ സ്‌നേഹ അന്ന് തീരുമാനിച്ചിരുന്നുവെന്ന് റോണ്‍ പറയുന്നു.
രണ്ട് മണിക്കൂറോളം അമ്മയുമായി സംസാരിച്ച സ്‌നേഹ, വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍ സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. പിന്നീട്, ഇരട്ട ടവറുകളില്‍ നിന്ന് അല്‍പ്പം അകലെയുള്ള സെഞ്ച്വറി 21 എന്ന ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍ അവര്‍ ഷോപ്പിംഗിന് പോയി. റോണിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടിവസ്ത്രങ്ങള്‍, ഒരു ഡ്രസ്സ്, ബെഡ് ലിനന്‍, ഷൂസ് എന്നിവ അവര്‍ വാങ്ങി. സ്റ്റോറിലെ സിസിടിവി ക്യാമറയില്‍ സ്‌നേഹയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസും, സിസിടിവി ദൃശ്യങ്ങളും മാത്രമാണ് സ്‌നേഹയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന അവസാന തെളിവുകള്‍. അന്ന് രാത്രി റോണ്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്‌നേഹയെ അവിടെ കണ്ടില്ല. അവള്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയിരിക്കാമെന്ന് റോണ്‍ കരുതി.
പിറ്റേന്ന് രാവിലെ റോണ്‍ ഉണര്‍ന്നപ്പോഴും സ്‌നേഹ വീട്ടില്‍ എത്തിയിരുന്നില്ല. റോണ്‍ ജോലിക്ക് പോയി. ഇരട്ട ടവറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, റോണ്‍ സ്‌നേഹയുടെ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും വിളിച്ച് അന്വേഷിച്ചു. എന്നാല്‍ ആരും സ്‌നേഹയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. റോണ്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴും സ്‌നേഹയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നപ്പോഴാണ് റോണ്‍ പോലീസിനെ വിവരമറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ സ്‌നേഹയെ ആക്രമണത്തിലെ ഒരു ഇരയായിട്ടാണ് കണക്കാക്കിയിരുന്നത്.
അവളുടെ കൂട്ടുകാരും കുടുംബവും ആശുപത്രികളില്‍ പോയി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 9/11ന് സ്‌നേഹ വേള്‍ഡ് ട്രേഡ് സെന്ററിലായിരുന്നുവെന്ന് തെളിയിക്കാന്‍ പോലീസിന് ഒരു തെളിവും ലഭിച്ചില്ല. സ്‌നേഹയുടെ വിവരം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.




