Health

പാലാണോ പ്രതി? ലാക്ടോസ് വൃക്കയിലെ കല്ലുകൾക്ക് കാരണമാകുമോ? യൂറോളജിസ്റ്റ് വിശദീകരിക്കുന്നു

കിഡ്‌നി സ്റ്റോണിനെക്കുറിച്ച് ധാരാളം മിഥ്യാധാരണകളുണ്ട്. അതിലൊന്നാണ് പാൽ അമിതമായി കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുമെന്ന്. പാൽ കുടിക്കുന്നത് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് യൂറോളജിസ്റ്റ് വിശദീകരിക്കുന്നു.

“പാൽ കിഡ്‌നി സ്റ്റോൺ ഉണ്ടാക്കില്ല. ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതും അമിതമായി ഉപ്പ് കഴിക്കുന്നതുമാണ് യഥാർത്ഥ കാരണങ്ങൾ. പാലിനെ കുറ്റപ്പെടുത്തരുത്, നിങ്ങളുടെ ദിവസത്തിലെ വെള്ളത്തിന്റെ കുറവിനെ കുറ്റപ്പെടുത്തുക” -താനെയിലെ കിംസ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റായ ഡോ. ആഖിൽ ഖാൻ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പാൽ കിഡ്‌നി സ്റ്റോണിന് കാരണമാകുമോ?

“ഇന്ത്യയിലെ ഭൂരിഭാഗം കിഡ്‌നി സ്റ്റോണുകളും കാൽസ്യം ഓക്‌സലേറ്റ് സ്റ്റോണുകളാണ്. എന്നാൽ ഇതിനർത്ഥം കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിന് കാരണമെന്നല്ല. വാസ്തവത്തിൽ, പാലിലെ കാൽസ്യം കുടലിലെ ഓക്‌സലേറ്റുമായി ചേർന്ന് അത് രക്തപ്രവാഹത്തിൽ ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. ഇത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു,” ഡോ. ആഖിൽ ഖാൻ പറഞ്ഞു.

കിഡ്‌നി സ്റ്റോണിന് കാരണമാകുന്നത് എന്തൊക്കെയാണ്?

“നിർജ്ജലീകരണം, അമിതമായി ഉപ്പ് കഴിക്കുന്നത്, ചീര, ബീറ്റ്റൂട്ട്, നട്സ് തുടങ്ങിയ ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് എന്നിവയാണ് യഥാർത്ഥ കാരണങ്ങൾ. ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തത് മൂത്രത്തെ സാന്ദ്രീകരിക്കാൻ ഇടയാക്കും, ഇത് കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ഉപ്പ് മൂത്രത്തിലൂടെ കാൽസ്യം പുറന്തള്ളുന്നത് വർദ്ധിപ്പിക്കുന്നു,” ഡോ. ആഖിൽ ഖാൻ കൂട്ടിച്ചേർത്തു.

കിഡ്‌നി സ്റ്റോൺ സാധ്യത കുറയ്ക്കാൻ എന്ത് ചെയ്യണം?

മിതത്വം പാലിക്കുക: ഒരു സാധാരണ ആരോഗ്യവാനായ വ്യക്തിക്ക് ഒരു ദിവസം രണ്ട് ഗ്ലാസ് പാൽ അല്ലെങ്കിൽ അതിന് തുല്യമായ അളവിൽ പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് സുരക്ഷിതമാണ്. ഭയം കാരണം പാൽ ഒഴിവാക്കുന്നത് നിങ്ങളുടെ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം ഇല്ലാതാക്കും. ചില പ്രത്യേക രോഗങ്ങളുള്ള ആളുകൾക്ക് മാത്രമേ വൈദ്യോപദേശപ്രകാരം നിയന്ത്രണങ്ങൾ ആവശ്യമുള്ളൂ.

ശരീരത്തിൽ ജലാംശം നിലനിർത്തുക: കിഡ്‌നി സ്റ്റോൺ തടയാൻ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ദിവസവും 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് മൂത്രം നേർത്തതാക്കുകയും, ധാതുക്കൾ കല്ലുകളായി മാറുന്നതിന് മുമ്പ് പുറന്തള്ളുകയും ചെയ്യും.

ആരൊക്കെ ശ്രദ്ധിക്കണം: പതിവായി കല്ലുകളുണ്ടാകുന്നവരും, വൃക്കരോഗങ്ങളുള്ളവരും, അല്ലെങ്കിൽ മൂത്ര പരിശോധനയ്ക്ക് ശേഷം ഡോക്ടർ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളവരും ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മറ്റെല്ലാവർക്കും, പാൽ ഒരു സമീകൃതാഹാരത്തിന്റെ ആരോഗ്യകരമായ ഒരു ഭാഗം തന്നെയാണ്.