Featured Oddly News

കൂട്ടുകാരിയെ ബുര്‍ഖ ധരിപ്പിച്ചു; അഞ്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ മതപരിവര്‍ത്തനത്തിന് കേസ്!

ബറേലി: കൂട്ടുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ ബുര്‍ഖ ധരിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത അഞ്ചു മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ സഹോദരന്‍ ദക്ഷ് ചൗധരിയുടെ പരാതിയിലാണു കേസ്.
കഴിഞ്ഞ ഡിസംബര്‍ 12-നാണു സംഭവം. 15 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരേയാണു മതപരിവര്‍ത്തന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്.

സംഭവത്തിന്റെ സി.സി. ടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. വീടുകള്‍ക്കിടയിലുള്ള ഇടുങ്ങിയ വഴിയില്‍വച്ച് ഒരു കുട്ടി വസ്ത്രത്തിനു മുകളില്‍ ബുര്‍ഖ ധരിക്കുന്നതും മറ്റു പെണ്‍കുട്ടികള്‍ അവളെ സഹായിക്കുന്നതുമാണു ദൃശ്യത്തിലുള്ളത്. തന്റെ സഹോദരിയെ ബുര്‍ഖ ധരിപ്പിച്ചതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ദക്ഷ് ചൗധരി പരാതി നല്‍കിയത്. എന്നാല്‍, ഹിന്ദു പെണ്‍കുട്ടിയും പരാതിയില്‍ പറയുന്ന മുസ്ലിം പെണ്‍കുട്ടികളും സുഹൃത്തുക്കളാണെന്നു പോലീസ് പറയുന്നു. ദക്ഷ് ചൗധരിയുടെ കടയുടെ സമീപത്തുള്ള റസ്‌റ്റോറന്റിലേക്കാണു കുട്ടികള്‍ പോയത്.
സഹോദരന്‍ കണ്ടുപിടിക്കാതിരിക്കാനാണു പെണ്‍കുട്ടി ബുര്‍ഖ ധരിച്ചതെന്നുമാണു പോലീസ് പറയുന്നത്. വിവാദ വിഷയമായതിനാലാണ് പരാതിയെത്തുടര്‍ന്നു കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടികളുടെ പശ്ചാത്തലവും അവരുടെ ഉദ്ദേശ്യവും കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടികളെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു.