ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രത്തിന് ഇനി വേണ്ടത് ഒരു ഉടമയെ. അതോ ഏതെങ്കിലും മ്യൂസിയത്തിലേയ്ക്കോ അതോ ഏതെങ്കിലും ഷെയ്ഖിന്റെ കൊട്ടാരത്തിലേയ്ക്കോ? 2,492 കാരറ്റ് വജ്രത്തിനു കോടിക്കണക്കിനു രൂപ മൂല്യമുണ്ടെന്നാണു കരുതുന്നത്. കഴിഞ്ഞ വര്‍ഷം ബോട്ട്‌സ്വാനയില്‍ കണ്ടെത്തിയ വജ്രത്തിനു മോട്ട്‌സെ്വഡി എന്നാണു പേര്. അതിനു വില നിശ്‌ചയിക്കാന്‍ ചുമതലപ്പെടുത്തിയത് രത്ന വ്യാപാരികളായയ എച്ച്‌ബി ആന്റെ്വര്‍പിനെയാണ്.
അമൂല്യ വജ്രമാണെന്നും അതിന് വില നിശ്‌ചയിക്കുന്നത് ബുദ്ധിമുട്ടാണെന്നും എച്ച്‌ബി ആന്റെ്വര്‍പ്പിന്റെ പബ്ലിക് അഫയേഴ്‌സ് ഡയറക്‌ടര്‍ മാര്‍ഗോക്‌സ് ഡോണ്‍ക്കിയര്‍ പറഞ്ഞു.
കാനഡിയന്‍ ഖനന കമ്പനിയായ ലുകാര കണ്ടെത്തിയ ഈ രത്നം, ലോകപ്രസിദ്ധമായ കുള്ളിനാന്‍ വജ്രത്തിന്റെ കണ്ടെത്തലിന് ശേഷമുള്ള 120 വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ ഏറ്റവും വലിയ വജ്രമാണ്.
3,106 കാരറ്റുള്ള ആ വജ്രം 1905 ല്‍ ദക്ഷിണാഫ്രിക്കയിലാണു കണ്ടെത്തിയത്. അതിനെ ഒമ്പതായി മുറിച്ചു. അതിലധികവും ഇപ്പോള്‍ ബ്രിട്ടീഷ് രാജകീയ ആഭരണങ്ങളുടെ ഭാഗമാണ്. വില നിശ്‌ചയിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും വജ്രത്തിനു കുറഞ്ഞത് 10 കോടി ഡോളര്‍(ഏകദേശം 887 കോടി രൂപ) ലഭിക്കുമെന്നാണു പ്രതീക്ഷ.
ബോട്ട്‌സ്വാനയുടെ തലസ്‌ഥാനമായ ഗബോറോണില്‍നിന്ന് 480 കിലോമീറ്റര്‍ അകലെയുള്ള കാരോവെ ഖനിയില്‍നിന്നാണ് വജ്രം കണ്ടെത്തിയത്. അടുത്തകാലത്ത് അവിടെനിന്ന് 1,758 കാരറ്റ്, 1,109 കാരറ്റ് വജ്രങ്ങളും കണ്ടെത്തി.




