Featured Sports

കോഴിക്കോട്ടെ നമ്മുടെ പയ്യനെ മുംബൈസിറ്റി റാഞ്ചി ; ചാംപ്യന്‍ക്ലബ്ബ് താരത്തിന് കൊടുത്തത് വമ്പന്‍ കരാര്‍

കോഴിക്കോട്: ഗള്‍ഫ് പണക്കൊഴുപ്പില്‍ തിളങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹോദരന്‍ന്മാരായ മുംബൈ സിറ്റി എഫ് സിയെ കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ അധികം വിശേഷണങ്ങളുടെ ആവശ്യമില്ല. ഷീല്‍ഡും കപ്പും പലതവണ ഉയര്‍ത്തി എഎഫ്‌സിയില്‍ ഇന്ത്യയുടെ പ്രതിനിധികളാകാറുള്ള ക്ലബ്ബ് നമ്മുടെ സ്വന്തം മലയാളിപയ്യനെ റാഞ്ചിയിരിക്കുകയാണ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നമ്മുടെ നൗഫല്‍ പി എന്നിനെ അടുത്ത സീസണില്‍ ഇളംനീല കുപ്പായത്തില്‍ കാണാനാകും.

23 കാരനായ നൗഫലിനെ 2027 വരെയാണ് കരാറാക്കിയിരിക്കുന്നത്. ബോസ്‌കോ എഫ്‌സി യിലൂടെ കളിയാരംഭിച്ച നൗഫല്‍ 2022 ലാണ് ഗോകുലം കേരളാഎഫ്‌സി യില്‍ എത്തിയത്. ഇതിനകം ഗോകുലത്തിനായി 53 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഗോളടിപ്പിക്കാനുള്ള കഴിവാണ്. 14 അസിസ്റ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള താരം ഗോകുലത്തിനായി അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.

വരുന്ന സീസണില്‍ മുംബൈസിറ്റിയുടെ ആക്രമണനിരയെ താരം സമ്പന്നമാക്കും. ഇതിനകം ഐ ലീഗ്, കലിംഗ സൂപ്പര്‍കപ്പ്, ഡ്യൂറന്റ് കപ്പ് തുടങ്ങിയ വന്‍ ടുര്‍ണമെന്റില്‍ താരം മലബാറിയന്‍സിന്റെ ജഴ്‌സിയില്‍ പന്തു തട്ടിക്കഴിഞ്ഞു. മാച്ച് വിന്നിംഗ് അസിസ്റ്റുകളിലൂടെയും ഗോള്‍ സംഭാവനകളിലൂടെയും സ്റ്റാര്‍ട്ടര്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഈ കേരളക്കാരന്‍ വേഗത്തില്‍ ടീമില്‍ തന്റെ മുദ്ര പതിപ്പിച്ചു. വരുന്ന സീസണില്‍ മുംബൈസിറ്റിയുടെ മദ്ധ്യനിരയിലെ എഞ്ചിനായി താരത്തെ കാണാനാകുമെന്ന് ഉറപ്പാണ്.