Celebrity

‘ആ വേദന എന്നെ അറിയിച്ചില്ല’; ആനന്ദിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞൊഴുകി മുകേഷ് അംബാനി- വീഡിയോ

ജാംനഗറില്‍ നടക്കുന്ന ആഡംബരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ആനന്ദ് അംബാനി– രാധിക മെര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ താരത്തിളക്കത്തിലാണ് ഒരു നാടുമുഴുവന്‍. എല്ലാരംഗത്തുമുള്ള വന്‍താരനിരയും ലോകനേതാക്കളും അടങ്ങുന്ന ആഘോഷ വേദിയില്‍ തന്റെ ചെറുപ്പകാലത്തേക്കുറിച്ചുള്ള ആനന്ദ് അംബാനിയുടെ വൈകാരികമായ വാക്കുകള്‍ പിതാവ് മുകേഷ് അംബാനിയെപോലും കണ്ണീരണിയിപ്പിച്ചു. രാധികയ്ക്കൊപ്പം വേദിയിലെത്തിയ ആനന്ദ് അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് സ്വന്തം ജീവിതവും രാധികയുമായുള്ള പ്രണയവുമടക്കം തുറന്ന് പറഞ്ഞത്.

ജാംനഗറിലെ ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ മാതാവ് നിതാ അംബാനി നടത്തിയ കഠിനശ്രമങ്ങളെ ആനന്ദ് എടുത്തു പറഞ്ഞു. ‘അച്ഛനും അമ്മയ്ക്കും നന്ദി, ഇത് മുഴുവന്‍ ഉണ്ടാക്കിയത് അമ്മയാണ്. നാലു മാസമായി അമ്മ ഇതിന് പിന്നാലെയാണ്. പതിനെട്ടു മണിക്കൂറാണ് ഇതിനായി അമ്മ ദിവസത്തില്‍ ചെലവഴിക്കുന്നത്.അമ്മയോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്” എന്നായിരുന്നു ആനന്ദിന്റെ വാക്കുകള്‍.

ചെറുപ്പത്തില്‍ ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുമ്പോള്‍ എനിക്ക് പിന്നില്‍ പാറപോലെ ഉറച്ച പിന്തുണയുമായി നിന്ന രക്ഷിതാക്കള്‍ക്ക് ആനന്ദ് നന്ദി പറഞ്ഞു. ‘ജീവിതം എനിക്ക് എപ്പോഴും എളുപ്പമായിരുന്നില്ല. പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. വേദനയിലാണെന്ന് അച്ഛനും അമ്മയും അറിയിച്ചില്ല. എന്നും എനിക്ക് പിന്നില്‍ അവരുണ്ടായിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് സാധിക്കുമെന്ന തോന്നല്‍ ഉണ്ടാക്കിയതും അവരാണ്’ നന്ദി പറഞ്ഞുകൊണ്ടുള്ള ആനന്ദിന്റെ ഈ വാക്കുകള്‍ മുകേഷ് അംബാനിയെ കണ്ണീരണിയിച്ചു. നിറകണ്ണുകളോടെ അദ്ദേഹം മകന്റെ വാക്കുകള്‍ക്ക് കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.

രാധികയുമായുള്ള പ്രണയത്തെ പറ്റിയും ആനന്ദ് പറഞ്ഞു. കഴിഞ്ഞ 7 വര്‍ഷമായി രാധികയെ പരിചയമുണ്ടെന്നും രാധികയെ ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും ആനന്ദ് പറഞ്ഞു. ”ഞാന്‍ 100 ശതമാനം ഭാഗ്യവാനാണ്. അതില്‍ സംശയമില്ല. ഏഴ് വര്‍ഷം മുന്‍പെ പരിചയക്കാരാണെങ്കിലും ഓരോ ദിവസവും ഇഷ്ടത്തിലേക്ക് വീഴുകയാണ്, രാധികയെ ഓരോ തവണ കാണുമ്പോഴും ഹൃദയത്തില്‍ സുനാമിയും ഭൂകമ്പവുമാണ്– ആനന്ദ് പറഞ്ഞു.