Sports

സ്റ്റംപിന് പുറകില്‍ ഒന്നാന്തരം ഫുള്‍ലെംഗ്ത്ത് ഡൈവിംഗ് ക്യാച്ച് ; ധോണിക്ക് പ്രായം വെറും നമ്പര്‍മാത്രം-വിഡിയോ

ഐപിഎല്ലില്‍ ഒപ്പം തുടങ്ങിയ പല കളിക്കാരും വിരമിച്ചെങ്കിലൂം എംഎസ് ധോണിക്ക് വയസ്സ് പ്രശ്‌നമല്ല. വിക്കറ്റ്കീപ്പിംഗിലും ബാറ്റിംഗിലും താരം നടത്തുന്ന പ്രകടനം കണ്ടാല്‍ വയസ്സ് വെറും നമ്പര്‍ മാത്രമാണെന്ന് ആരും പറയും. 42 വയസ്സായ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡാരില്‍മിച്ചലിന്റെ പന്തില്‍ വിജയ് ശങ്കറെ പുറത്താക്കാന്‍ താരം എടുത്ത ക്യാച്ച് വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

സിഎസ്‌കെയുടെ ഡാരില്‍ മിച്ചല്‍ മിച്ചല്‍ ഓഫ് സ്റ്റമ്പിന് ചുറ്റും ഒരു ഫുള്‍ ഡെലിവറി വിജയ് ശങ്കറിന് അയച്ചു. ശങ്കര്‍ ഒരു സ്ട്രെയിറ്റ് ഡ്രൈവ് ലക്ഷ്യമിട്ടെങ്കിലും പന്ത് എഡ്ജ് ചെയ്തു. വലത്തേക്ക് ഫുള്‍ലെംഗ്ത് ഡൈവ് ചെയ്ത് ധോണി അത് കൈപ്പിടയിലാക്കിയപ്പോള്‍ ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായി അത് മാറി. സ്റ്റംപിന് പുറകില്‍ താരം നടത്തിയ പ്രകടനം ചെന്നൈ ആരാധകരെ പൊട്ടിത്തെറിയില്‍ എത്തിച്ചു.

ഈ സീസണോടെ ധോണി കളി അവസാനിപ്പിച്ചേക്കും എന്നാണ് സൂചനകളെങ്കിലും താരം അടുത്ത സീസണിലും സിഎസ്‌കെയ്ക്ക് ഒപ്പം കാണുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകന്‍ എന്ന നിലയില്‍ സിഎസ്‌കെയുടെ ഇതിഹാസതാരമായി മാറിയിരിക്കുകയാണ് ധോണി. കഴിഞ്ഞ സീസണിലും ധോണിക്ക് കീഴില്‍ ഇറങ്ങിയ സിഎസ്‌കെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് കീരീടം നേടിയത്.