ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ വിഖ്യാതനായ ബേബി കുരങ്ങൻ ‘പഞ്ച്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. ജന്മനാ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട പഞ്ച്, ഐക്കിയയുടെ ഒരു ഒറാങ്ങ് ഉട്ടാൻ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് നേരത്തെ ഇന്റർനെറ്റിൽ പ്രശസ്തനായത്. എന്നാൽ ഇപ്പോൾ ‘മോമോ-ചാൻ’ എന്ന പെൺകുരങ്ങുമായി പഞ്ച് അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചു കളിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ വീഡിയോകൾ വൈറലായതോടെ, മോമോ-ചാൻ പഞ്ചിന്റെ “കാമുകി” ആണെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
പഞ്ചിനേക്കാൾ അല്പം പ്രായം കൂടുതലാണ് മോമോ-ചാൻ എങ്കിലും ഇരുവരും ഇപ്പോൾ എപ്പോഴും ഒന്നിച്ചാണെന്ന് മൃഗശാലാ അധികൃതർ പറയുന്നു. കൂട്ടത്തിലെ മറ്റു മുതിർന്ന കുരങ്ങന്മാരുടെ ശല്യവും ഒറ്റപ്പെടലും അതിജീവിച്ചാണ് പഞ്ച് ഈ പുതിയ കൂട്ടുകാരെ കണ്ടെത്തിയത്. പഞ്ചിന് ആശ്വാസമായിരുന്ന ‘ഓറ-മാമ’ എന്ന പാവ ഇപ്പോഴും കൂടെയുണ്ടെങ്കിലും, അവന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ പുതിയ കൂട്ടുകാരിയിലാണ്.
ഈ വീഡിയോകൾക്ക് രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. “പഞ്ചിന് പോലും കാമുകിയെ കിട്ടി, നിങ്ങൾ ഇപ്പോഴും ഒറ്റയ്ക്കാണല്ലോ” എന്ന് ചിലർ തമാശയായി കുറിച്ചപ്പോൾ, പഞ്ച് ഒരു സെലിബ്രിറ്റിയായതുകൊണ്ടാണ് അവൾ കൂടെയുള്ളതെന്ന് മറ്റുചിലർ പരിഹസിച്ചു. എന്തായാലും പഞ്ചിന്റെ ഈ പുതിയ മാറ്റം വലിയ സന്തോഷത്തോടെയാണ് മൃഗസ്നേഹികൾ ഏറ്റെടുത്തിരിക്കുന്നത്.




