Featured Good News

കവര്‍ച്ചയ്ക്കിടെ മകന്‍ കൊല്ലപ്പെട്ടു; ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടിയെ രക്ഷിച്ച് അമ്മയുടെ പ്രതികാരം, അവന്‍ മകനില്ലാത്ത ആ അമ്മയ്ക്ക് കാവലാള്‍

ശത്രുവിനോട് കരുണകാട്ടി രക്ഷപ്പെടുത്തുന്നതിനോളം വലിയൊരു മനുഷ്യസ്‌നേഹ മുണ്ടോ? 2014ല്‍ മകന്റെ മുപ്പത്തഞ്ചാം ജന്മദിനത്തില്‍ തന്നെയായിരുന്നു ടീന ക്രോഫോര്‍ഡിന് തന്റെ ഏക മകന്‍ ഇറ ഹോപ്കിന്‍സിനെ നഷ്ടമായത്. ഒരു കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മകന്‍ മരിച്ചതോടെ കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ പ്രതികാരം ചെയ്യാന്‍ അവരുടെ മനസ്സ് സദാ ദാഹിച്ചുകൊണ്ടിരുന്നു.

പിന്നീട് ഇറ ഹോപ്കിന്‍സിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ രണ്ടുപേര്‍ക്ക് ഡെലവെയര്‍ കോടതി ശിക്ഷ വിധിച്ചു. കവര്‍ച്ചയില്‍ ഉള്‍പ്പെട്ട ആളായിരുന്നെങ്കിലും വെടിവെപ്പുമായി ബന്ധമില്ലാതിരുന്ന 18 കാരന്‍ ജെയ്എയര്‍ സ്മിത്ത് പെന്നിക്ക് കുറ്റകൃത്യത്തിലെ പങ്കിന് 20 വര്‍ഷം തടവ് ശിക്ഷയാണ് കിട്ടിയത്. ശിക്ഷാവിധിക്ക് ശേഷമായിരുന്നു കഥയിലെ ട്വിസ്റ്റ്. ശിക്ഷ കിട്ടിയ സ്മിത്ത് പെന്നിക്കിന്റെ ഒരു അമ്മായിയുമായി തനിക്ക് പരിചയമുണ്ടെന്ന് ടീന പിന്നീട് കണ്ടെത്തി. അവന്റെ മറ്റൊരു അമ്മായിയെയും അവര്‍ കണ്ടുമുട്ടി.

മകനെ കൊന്നവരോടുള്ള ടീനയുടെ പ്രതികാരത്തിന്റെ തീ കെടുത്താന്‍ ഈ കണ്ടുമുട്ടല്‍ കാരണമായി. പ്രതികാരത്തിനുപകരം കരുണയുടെ ഒരു നദി ടീനയിലേക്ക് ഒഴുകിയിറങ്ങി. അവള്‍ ജെയ്എയറിനെ ഒരു കത്തെഴുതാന്‍ തീരുമാനിച്ചു, ഒടുവില്‍ അത് ഒരു ടെലിഫോണ്‍ കോളായി മാറി. ഈ ഫോണ്‍കോളില്‍ ജെയ് എയറിന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ അവള്‍ മനസ്സിലാക്കി.

14 വയസ്സുള്ളപ്പോള്‍ സ്വന്തം അമ്മയും 17-ാം വയസ്സില്‍ അച്ഛനും 18-ാം വയസ്സില്‍ വളര്‍ത്തിയ രണ്ടാനമ്മയും മരിച്ചുപോയ ജെയ് യ്ക്കിന് തല ചായ്ക്കാന്‍ പോലും ഇടമില്ലായിരുന്നു. പല വീടുകളിലും വ്യത്യസ്ത സ്‌കൂളുകളിലുമായി അവന്‍ അലഞ്ഞു നടന്നു. ജീവിതം വഴിമുട്ടിയതോടെ അയാള്‍ തെരുവിലേക്കിറങ്ങി. ഹെറോയിന്‍ വില്‍ക്കാന്‍ തുടങ്ങി. ജൂലൈയില്‍ ഒരു രാത്രിയില്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്തുവെച്ച് അപരിചിതയായ ഇറ ഹോപ്കിന്‍സിനെ കൊള്ളയടിക്കാന്‍ അവനെ പ്രേരിപ്പിച്ചത് ഈ സാഹചര്യങ്ങളായിരുന്നു.

കഥയറിഞ്ഞതോടെ മിസിസ് ക്രോഫോര്‍ഡ് ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ ജെയ് യെ സഹായിക്കുന്ന ആളുകളില്‍ ഒരാളായി മാറി. മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന ഫോണ്‍വിളികളിലൂടെ അവനെ നിരന്തരം പ്രോത്സാഹിപ്പിച്ചു. ജയില്‍വാസത്തിനിടയില്‍ സ്വയം മെച്ചപ്പെടുത്താനും വിദ്യാഭ്യാസം നേടാനും ജയ്’എയറിനെ അവര്‍ പ്രേരിപ്പിച്ചു. ആ ഉപദേശം അവനെ ഒരു ഹൈസ്‌കൂള്‍ ഡിപ്ലോമക്കാരനാക്കി മാറ്റി. അത് പിന്നീട് ഒരു അസോസിയേറ്റ് ബിരുദമായി. മറ്റൊരു കോഴ്‌സ് അദ്ദേഹത്തെ സഹതടവു കാരില്‍ ചിലര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നയാളും ആത്മഹത്യയ്ക്ക് എതിരേ സംസാരിക്കുന്ന ഒരു പിയര്‍ സ്‌പെഷ്യലിസ്റ്റാക്കി സാക്ഷ്യപ്പെടുത്തി.

ഇറയ്ക്ക് അദ്ദേഹം ഒരു ക്ഷമാപണ കത്ത് എഴുതി. അവര്‍ അത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. തീര്‍ച്ചയായും, അവിടെ ഒരു നവോത്ഥാനം നടക്കുകയായിരുന്നു. തെരുവുകളില്‍ നഷ്ടപ്പെട്ട ഒരു ആത്മാവ്, ജീവിതത്തിലേക്കുള്ള ഒരു പുതിയ വഴി കണ്ടെത്തുന്നു. ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷത്തിന് ശേഷം, ജെയ്’എയറിന് പുറത്തിറങ്ങാന്‍ അവസരം ലഭിച്ചു. 2024 ഒക്ടോബറില്‍ ഡെലവെയര്‍ ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് അദ്ദേഹത്തിന്റെ കേസ് പരിഗണിക്കാന്‍ യോഗം ചേര്‍ന്നു. ജെയ് എയറിന്റ പരോളിനെ പിന്തുണയ്ക്കാന്‍ ഡസന്‍ കണക്കിന് ആളുകള്‍ എത്തി. അദ്ദേഹത്തിന് വേണ്ടി സംസാരിച്ചവരില്‍ ഒരാള്‍ ടീന ക്രോഫോര്‍ഡ് ആയിരുന്നു.

‘ആ മനുഷ്യന്‍ എന്നെ വേദനിപ്പിച്ചു. എനിക്ക് ഒരു മകനെ നഷ്ടപ്പെട്ടു…എന്നാല്‍ അതിനിടയില്‍, എനിക്ക് മറ്റൊരു മകനെ ലഭിച്ചു.” ക്രോഫോര്‍ഡ് പറഞ്ഞതായി സിഎന്‍എന്നിന്റെ ലേഖനത്തില്‍ പറയുന്നു. ബോര്‍ഡ് ജെയ്എയറിന്റെ ശിക്ഷ ഇളവ് ചെയ്യാന്‍ ഏകകണ്ഠമായി വോട്ട് ചെയ്തു. കഥ അവിടെ അവസാനിച്ചില്ല. എയര്‍ ഫൗണ്ടേഷന്‍ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയില്‍ ജെയ്’എയര്‍ ടീനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്ക് വഴിതിരിയാന്‍ സാദ്ധ്യതയുള്ള കുട്ടികളെ ഇഷ്ടികപ്പണി, മരപ്പണി, സംഗീതം, ഫോട്ടോഗ്രാഫി തുടങ്ങി സ്വയം ജീവിതം കണ്ടെത്താന്‍ പരിശീലിപ്പിക്കുന്നു. അമ്മയില്ലാത്ത മകന്‍, മകനില്ലാത്ത അമ്മയെ കാവലാളായി നില്‍ക്കുന്നു. ശ്വാസം ശരീരത്തില്‍ നിന്ന് പുറത്തുപോകുന്നതുവരെ താന്‍ ടീനയെ സംരക്ഷിക്കുമെന്ന് ജെയ്’എയര്‍ പറഞ്ഞു.