ഇന്ത്യൻ ആർമിയിലെ അവധി കഴിഞ്ഞ് ഡ്യൂട്ടിക്ക് മടങ്ങുകയായിരുന്ന ജവാൻ ട്രെയിനിൽ വെച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസ്സം (respiratory distress) ഉണ്ടാവുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തു. കുഞ്ഞ് മരിച്ചുപോയി എന്ന് കരുതി അമ്മ കുഴഞ്ഞുവീഴുകയും മറ്റ് കുടുംബാംഗങ്ങൾ പരിഭ്രാന്തരാവുകയും ചെയ്ത സമയത്താണ് ജവാന്റെ സമയോചിതമായ ഇടപെടല്‍.
വടക്ക്-കിഴക്കൻ മേഖലയിലെ ആർമിയുടെ ഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സൈനികൻ സുനിൽ , ന്യൂഡൽഹി-ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ്സിൽ യാത്ര ചെയ്യവേയാണ് കുഞ്ഞിന് കാർഡിയോപൾമണറി റെസസിറ്റേഷൻ (cardiopulmonary resuscitation – CPR) നൽകിയത്. “ഉടനടി വൈദ്യസഹായം ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സമയബന്ധിതവും പ്രൊഫഷണലുമായ നടപടി ഒരു മരണം ഒഴിവാക്കാന്‍ സഹായിച്ചു.” പ്രതിരോധ ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു.
456 ഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സൈനികൻ അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നു. സംഭവം നടന്ന ഇതേ കോച്ചിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. ഉടൻ തന്നെ സഹായത്തിനായി ഓടിയെത്തുകയും കുഞ്ഞിനെ പരിശോധിച്ചപ്പോൾ നാഡിമിടിപ്പോ ശ്വാസമോ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
“സുനിൽ ഉടൻ തന്നെ നെഞ്ചിൽ രണ്ട് വിരലുകൾ ഉപയോഗിച്ച് പീഡിയാട്രിക് കാർഡിയോ-പൾമണറി റെസസിറ്റേഷൻ (paediatric cardio-pulmonary resuscitation) നൽകി. അതോടൊപ്പം കുട്ടിക്ക് വായയിൽ കൂടി ശ്വാസം നൽകുകയും, ഏകദേശം രണ്ട് സൈക്കിൾ സിപിആറിന് ശേഷം കുഞ്ഞ് ജീവന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു.” പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന്, കുഞ്ഞിനെ അസമിലെ രംഗിയ സ്റ്റേഷനിൽ കൂടുതൽ ചികിത്സയ്ക്കായി മാറ്റുന്നതിന് ട്രെയിൻ ജീവനക്കാരുമായും റെയിൽവേ പോലീസുമായും സൈനികൻ ഏകോപനം ഉറപ്പാക്കി . സൈനികന്റെ നിർണ്ണായകമായ തീരുമാനവും ശാന്തമായ ഇടപെടലും ഒരു അമൂല്യ ജീവൻ രക്ഷിക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.




