അചഞ്ചലമായ വിശ്വസ്തതയ്ക്കും വൈകാരിക അടുപ്പത്തിനും പേരുകേട്ട മൃഗങ്ങളാണ് നായ്ക്കൾ. മനുഷ്യരുമായി ഇത്രയധികം ആത്മബന്ധം പുലർത്തുന്ന മറ്റൊരു മൃഗം ഇല്ലന്ന് തന്നെ പറയാം. മാത്രമല്ല തങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആളുകളോട് നായ്ക്കൾ എന്നും നന്ദിയുള്ളവരായിരിക്കും. ഇതുപോലെയുള്ള നന്ദി പ്രകടനം നടത്താനും ഇവ പ്രത്യേക മാർഗം സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ഭക്ഷണം നൽകിയ യുവതിയോട് നന്ദി പ്രകടനം നടത്തുന്ന ഒരു നായയുടെ വീഡിയോയാണ് കാഴ്ചക്കാരുടെ മനം കീഴടക്കിയിരിക്കുന്നത്.
Nature is Amazing എന്ന എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്ത ഈ വീഡിയോ, എണ്ണമറ്റ കാഴ്ചക്കാരുടെ ഹൃദയത്തെ സ്പർശിച്ചുകൊണ്ട് ഇതിനകം മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരെ സമ്പാദിച്ചു കഴിഞ്ഞു. ഒരു അമ്മ നായയും തന്റെ നായ്ക്കുട്ടികൾക്ക് ഭക്ഷണം നൽകുന്ന ദയയുള്ള ഒരു സ്ത്രീയും തമ്മിലുള്ള മനോഹരമായ നിമിഷമാണ് വീഡിയോയിൽ നാം കാണുന്നത്.
വീഡിയോയുടെ തുടക്കത്തിൽ ഒരു കൂട്ടം നായ്ക്കുട്ടികൾക്ക് ഒരു യുവതി ഭക്ഷണം കൊടുക്കുന്നതാണ് കാണുന്നത്. നായ്ക്കുട്ടികൾ ആവേശത്തോടെ ഭക്ഷണം കഴിക്കുമ്പോൾ, അമ്മ നായ ആ സ്ത്രീയുടെ അടുത്തേക്ക് വരുന്നതാണ് കാണുന്നത്. നയ്ക്കുട്ടികൾക്ക് ഭക്ഷണം നൽകുന്ന ആ യുവതിയെ കണ്ട് അമ്മ നായ അവളുടെ ഭാഷയിൽ നന്ദി പ്രകടനം നടത്തുകയാണ്. ഇതിനായി യുവതിയുടെ കൈയിൽ മൃദുവായി തന്റെ കൈ ചേർത്തുവക്കുകയാണ് നായ. ഇതുകണ്ട് യുവതിയും , സ്നേഹപൂർവ്വം അമ്മ നായയുടെ തലയിൽ തലോടുന്നു.
മനുഷ്യനും മൃഗവും തമ്മിലുള്ള ഈ ആത്മബന്ധം കാഴ്ചക്കാരുടെ മനം നിറച്ചു. വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ്
ഹൃദയസ്പർശിയായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഒരു ഉപയോക്താവ് എഴുതി, “നായകൾക്ക് ഏറ്റവും ശുദ്ധരായ മൃഗങ്ങളാണ്. ഈ അമ്മ നായയുടെ നന്ദി വളരെ ഹൃദയസ്പർശിയാണ്!” മറ്റൊരാൾ അഭിപ്രായപ്പെട്ടു, “ഇതുകൊണ്ടാണ് ഞങ്ങൾ നായ്ക്കളെ അർഹിക്കുന്നില്ലെന്ന് പറയുന്നത് കാരണം അവരുടെ സ്നേഹവും വികാരങ്ങളും വാക്കുകൾക്ക് അതീതമാണ്!”
മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി, “തങ്ങളെ സഹായിക്കുന്നവരെ മൃഗങ്ങൾ ഒരിക്കലും മറക്കില്ല. ഇത് അതിൻ്റെ ഏറ്റവും നിഷ്കളങ്കമായ ഉദാഹരണമാണ്”. മറ്റൊരാൾ കൂട്ടിച്ചേർത്തു, “ഇത് എന്നെ വികാരാധീനനാക്കി. അവൾ അവളുടെ കൈകൾ വെച്ച രീതി എത്ര ഹൃദയസ്പർശിയാണ്” എന്നാണ്.
മറ്റൊരു കാഴ്‌ചക്കാരൻ എഴുതി, “ഞാൻ സാധാരണയായി വീഡിയോകൾ കണ്ട് കരയാറില്ല, പക്ഷേ ഇത് കണ്ടു കരഞ്ഞു, എത്ര മനോഹരമായ നിമിഷം!” എന്നായിരുന്നു.