കാസര്‍ഗോഡ്: ആണ്‍സുഹൃത്തിനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോഗിച്ച് പൊള്ളിച്ച് മാതാവ്. അമ്മ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോഗിച്ച് അമ്മ പൊള്ളലേൽപ്പിച്ചത്. പരാതിയില്‍ മാതാവിനെതിരേ കേസ്.
കാസര്‍ഗോഡ് പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരേയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ബി.എന്‍.എസ്. 118(1), ജുവൈനല്‍ ജസ്‌റ്റിസ് ആക്‌ട് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിനു പിന്നാലെ യുവതിയെ കാണാതായെന്നും പരാതിയുണ്ട്. തയ്യൽ കടയിലേക്ക് എന്ന് പറഞ്ഞു പോയ യുവതി കാമുകനൊപ്പം കടന്നു കളഞ്ഞു എന്നാണ് ഭർത്താവിന്റെ ആരോപണം.
സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസെടുത്തു. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായി യുവതി വീഡിയോകോള്‍ ചെയ്യുന്നതും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഇതു നിര്‍ത്താന്‍ മകന്‍ മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരം പിതാവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി പിന്മാറിയില്ല. തുടര്‍ന്നു 10 വയസുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു.
ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളലേല്‍പ്പിച്ചെന്നാണു കേസ്. കഴിഞ്ഞ മാസം 28-നാണ് സംഭവം നടന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം യുവതി രണ്ടു മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഇതോടെയാണ് മകനോട് കാട്ടിയ ക്രൂരത പുറത്തുവന്നത്. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.




